തേഞ്ഞിപ്പലം: വിദ്യാര്‍ഥിയൂണിയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസില്‍ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കാന്‍ ജില്ലാ പോലീസ് മേധാവി ചൈത്രാ തെരേസ ജോണ്‍ സര്‍വകലാശാല അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്കി. കഴിഞ്ഞ 28നാണ് വിദ്യാര്‍ഥി യൂണിയന് ഇലക്ഷനുമായി ബന്ധപ്പെട്ട് യു.ഡി.എസ്.എഫ്, എസ്.എഫ്.ഐ. വിദ്യാര്‍ഥികള്‍ക്കിടയില്‍ കാമ്പസിനകത്തും പുറത്തുമായി സംഘര്‍ഷമുണ്ടായത്.
ഇതിനെ തുടര്‍ന്ന് അനിശ്ചിതകാലത്തേക്ക് അടച്ചുപൂട്ടിയ പഠന വകുപ്പുകളില്‍ ഇന്ന് മുതല്‍ ഓണ്‍ലൈന്‍ പഠന ക്ലാസുകള്‍ നടത്താന്‍ വൈസ് ചാന്‍സലര്‍ ഉത്തരവിറക്കിയിട്ടുണ്ട്. കാമ്പസിനകത്ത് സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ ഉടന്‍ തന്നെ പഠന വകുപ്പുകളും മെന്‍സ് ഹോസ്റ്റലും തുറക്കേണ്ടതില്ലെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. ജില്ലാ പോലീസ് മേധാവി ചൈത്രാ തെരേസ ജോണ്‍, കൊണ്ടോട്ടി ഡിവൈ.എസ്.പി. എ.ജെ. ജോണ്സണ്, വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്, പ്രോ വൈസ് ചാന്‍സലര്‍ ഡോ. പി. റഷീദ് അഹമ്മദ് ക്രമസമാധാനപാലനത്തെ കുറിച്ച് സര്‍വകലാശാലയില്‍ കൂടിക്കാഴ്ച്ച നടത്തി. അക്രമ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനായി സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കാനുള്ള നിര്‍ദ്ദേശങ്ങളാണ് പോലീസ് മുന്നോട്ട് വെച്ചത്.
രാഷ്ര്ടീയപാര്‍ട്ടി നേതാക്കള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍ എന്നിവരെ ഉള്‍പ്പെടുത്തി മോണിറ്ററിംഗ് കമ്മറ്റിക്ക് രൂപം നല്‍കുക, കോഴ്സ് പൂര്‍ത്തിയായ വിദ്യാര്‍ഥികള്‍ ഹോസ്റ്റലില്‍ കഴിയുന്നത് തടയുക, കോളജുകളിലെ തെരഞ്ഞെടുപ്പിന്റെ കൂടെ സര്‍വകലാശാല പഠന വകുപ്പുകളിലും തെരഞ്ഞെടുപ്പ് നടത്തുക, അനധികൃതമായി ക്യാമ്പസിനകത്തേക്കുള്ള പ്രവേശനം തടയുക തുടങ്ങിയ നിര്‍ദേശങ്ങളാണ് പോലീസ് മേധാവി മുന്നോട്ട് വെച്ചത്. ഇന്ന് മലപ്പുറം കലക്രേ്ടറ്റില്‍ എ.ഡി.എമ്മിന്റെ അധ്യക്ഷതയില്‍ നടക്കുന്ന സമാധാനയോഗത്തില്‍ എം.എല്‍.എമാര്‍, വിവിധ രാഷ്ര്ടീയ പാര്‍ട്ടി നേതാക്കള്‍, സര്‍വകലാശാല അധികൃതര്‍ പങ്കെടുക്കുന്നുണ്ട്. ഇതില്‍ കൂടുതല്‍ കാര്യങ്ങളില്‍ വ്യക്തതവരും. അതേസമയം ഇതുമായി ബന്ധപ്പെട്ടുണ്ടായ വിവിധ അക്രമ സംഭവങ്ങളില്‍ പതിനഞ്ചോളം പേര് അറസ്റ്റിലായിട്ടുണ്ട്.