ന്യൂഡൽഹി: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐഒഎ) തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ (ഐഒസി) ഇടപെടൽ തേടി ഐഒഎ അധ്യക്ഷ പി.ടി. ഉഷ. സ്പോർട്സ്പേഴ്സൺസ് ഓഫ് ഔട്ട്സ്റ്റാൻഡിങ് മെറിറ്റ് (എസ്ഒഎം) വിഭാഗത്തിലേക്കുള്ള തിരഞ്ഞെടുപ്പിൽ നടന്നുവെന്ന് ആരോപിക്കപ്പെടുന്ന ക്രമക്കേടുകൾ സ്വതന്ത്രമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഉഷ ഐഒസിക്ക് കത്തയച്ചു.
മാപ്പുകൾ കാണുക
തിരഞ്ഞെടുപ്പിൽ വ്യാപകമായ പെരുമാറ്റച്ചട്ട ലംഘനങ്ങൾ നടന്നതായും തനിക്കെതിരെ ആസൂത്രിതമായ പ്രചാരണം ഉണ്ടായതായും പി.ടി. ഉഷ കത്തിൽ ആരോപിക്കുന്നു. ഇലക്ടറൽ കോളജിലെ അംഗങ്ങളെ സ്വാധീനിക്കാൻ ശ്രമം നടന്നതായും തിരഞ്ഞെടുപ്പിൽ ബാഹ്യ ഇടപെടലുകൾ ഉണ്ടായിട്ടുണ്ടെന്ന സംശയമുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. ഇതിന്റെ പശ്ചാത്തലത്തിലാണ് സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ ദിവസം നടന്ന എസ്ഒഎം തിരഞ്ഞെടുപ്പിൽ പി.ടി. ഉഷയ്ക്ക് തിരിച്ചടിയേറ്റിരുന്നു. വനിതകൾക്കായുള്ള നാല് സ്ഥാനങ്ങളിലേക്ക് നടന്ന മത്സരത്തിൽ അഞ്ജു ബോബി ജോർജ്, ഡോള ബാനർജി, സൈന നെഹ്വാൾ, റാണി എന്നിവർ വിജയിച്ചു.
ഡിസംബർ അഞ്ചിന് നടക്കാനിരിക്കുന്ന ഐഒഎ പ്രസിഡന്റ് ഉൾപ്പെടെയുള്ള പ്രധാന ഭരണസമിതി സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കാനായിരുന്നു പി.ടി. ഉഷയുടെ നീക്കം. എന്നാൽ, പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിനുള്ള യോഗ്യതയുമായി ബന്ധപ്പെട്ട എസ്ഒഎം തിരഞ്ഞെടുപ്പിലെ പരാജയം അവരുടെ നീക്കങ്ങൾക്ക് തിരിച്ചടിയായിരിക്കുകയാണ്.
2036 ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾ പുരോഗമിക്കുന്ന സാഹചര്യത്തിൽ ഐഒഎയിലെ നേതൃത്വമാറ്റവും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങളും ഇന്ത്യൻ കായികരംഗത്ത് നിർണായകമാകുമെന്നാണ് വിലയിരുത്തൽ.
മാപ്പുകൾ കാണുക