ഡൽഹി: രാജ്യത്തെ പ്രമുഖ പാൽ ബ്രാൻഡായ അമൂൽ പാലിന്റെ വില വർധിപ്പിച്ചു. വിവിധ വിഭാഗങ്ങളിലുള്ള പാലിന് ലിറ്ററിന് രണ്ട് രൂപ മുതൽ ആറ് രൂപ വരെയാണ് വില കൂട്ടിയത്. പുതിയ നിരക്കുകൾ നാളെ മുതൽ പ്രാബല്യത്തിൽ വരും.
ബൾക്ക് വെൻഡിംഗ് മെഷീനുകൾ വഴി വിതരണം ചെയ്യുന്ന ടോൺഡ് പാലിന്റെ വില ലിറ്ററിന് 58 രൂപയിൽ നിന്ന് 60 രൂപയായി ഉയരും. പാക്കറ്റിൽ ലഭിക്കുന്ന ഫുൾ ക്രീം പാലിന് 72 രൂപയിൽ നിന്ന് 76 രൂപയായും ടോൺഡ് പാലിന് 60 രൂപയിൽ നിന്ന് 62 രൂപയായും വില വർധിപ്പിച്ചു.
6.5 ശതമാനം കൊഴുപ്പടങ്ങിയ എരുമപ്പാലിന്റെ വില ലിറ്ററിന് 80 രൂപയിൽ നിന്ന് 86 രൂപയായി ഉയർത്തി. ഡബിൾ ടോൺഡ് പാലിന് 54 രൂപയിൽ നിന്ന് 56 രൂപയായും പശുവിൻ പാലിന് 62 രൂപയിൽ നിന്ന് 65 രൂപയായും പുതിയ വില നിശ്ചയിച്ചു.
ക്ഷീരമേഖലയിൽ പാൽ ലഭ്യതയുമായി ബന്ധപ്പെട്ട പ്രതിസന്ധികൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് വില വർധന. കന്നുകാലിത്തീറ്റയുടെ വില ഉയർന്നത് ക്ഷീരകർഷകരുടെ സാമ്പത്തിക ബാധ്യതയും വർധിപ്പിച്ചിട്ടുണ്ട്.
കർഷകരെ കൂടുതൽ പാൽ ഉൽപ്പാദനത്തിന് പ്രോത്സാഹിപ്പിക്കുന്നതിനും പാൽ സംഭരണം മെച്ചപ്പെടുത്തുന്നതിനുമായി ക്ഷീര സഹകരണ സംഘങ്ങളും കമ്പനികളും സംഭരണവില ഉയർത്തിയിട്ടുണ്ട്. ഉൽപ്പാദനച്ചെലവിലെ വർധനയും പാൽ ലഭ്യതയിലെ സമ്മർദവുമാണ് പുതിയ വിലവർധനയ്ക്ക് പിന്നിലെ പ്രധാന കാരണങ്ങൾ.