കൊച്ചി മെട്രോ രണ്ടാംഘട്ടം: റെയിൽ കൂട്ടിയോജിപ്പിക്കൽ അടുത്തയാഴ്ച ആരംഭിക്കും; വയഡക്ട് നിർമാണം 70 ശതമാനം പൂർത്തിയായി

കൊച്ചി: കൊച്ചി മെട്രോ രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്നു. രണ്ടാംഘട്ട പാതയിലെ ട്രാക്ക് നിർമാണത്തിനായുള്ള റെയിലുകൾ കൂട്ടിയോജിപ്പിക്കുന്ന പ്രവൃത്തി അടുത്തയാഴ്ച ആരംഭിക്കാൻ തീരുമാനിച്ചു. കൊച്ചി മെട്രോ എംഡി ജി. പ്രിയങ്കയുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം.

രണ്ടാംഘട്ട പാതയുടെ വയഡക്ട് നിർമാണം ഇതിനോടകം 70 ശതമാനം പൂർത്തിയായിട്ടുണ്ട്. റെയിലുകൾ കൂട്ടിയോജിപ്പിക്കുന്നതിനുള്ള യന്ത്രസാമഗ്രികൾ കൊച്ചിയിൽ എത്തിക്കുകയും പരീക്ഷണ വെൽഡിംഗ് പൂർത്തിയാക്കുകയും ചെയ്തു. ഇതിന്റെ സാമ്പിളുകൾ ഗുണനിലവാര പരിശോധനയ്ക്കായി സതേൺ റെയിൽവേ ലബോറട്ടറിയിലേക്ക് അയക്കും. പരിശോധനാഫലം അനുകൂലമായാൽ അടുത്തയാഴ്ച തന്നെ റെയിൽ കൂട്ടിയോജിപ്പിക്കൽ ആരംഭിക്കും.

രണ്ടാംഘട്ട ഇടനാഴിയിലെ 11 സ്റ്റേഷനുകളിലെയും നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. 2027 ഓഗസ്റ്റോടെ പദ്ധതി പൂർത്തിയാക്കാനാണ് പുതുക്കിയ ലക്ഷ്യം.

അതിനിടെ, ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തെ ഇൻഫോപാർക്കുമായി ബന്ധിപ്പിക്കുന്ന പിങ്ക് ലൈനിലെ സ്റ്റേഷനുകൾ കേരളത്തിന്റെ കലാ-സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന തരത്തിൽ രൂപകൽപ്പന ചെയ്യുന്നതും ശ്രദ്ധേയമാണ്.

പാലാരിവട്ടം ജംഗ്ഷൻ സ്റ്റേഷനിൽ കേരളത്തിലെ കാർട്ടൂണുകളും കാർട്ടൂണിസ്റ്റുകളും ഇടംപിടിക്കും. ആലിൻചുവട് സ്റ്റേഷനിൽ പരമ്പരാഗത കൈത്തറി വ്യവസായവും ചെമ്പുമുക്ക് സ്റ്റേഷനിൽ പരമ്പരാഗത സംഗീതോപകരണങ്ങളും പ്രമേയമാകും. വാഴക്കാല സ്റ്റേഷനിൽ പരമ്പരാഗത വിളക്കുകൾക്കും പടമുകൾ സ്റ്റേഷനിൽ കേരളത്തിന്റെ കയർ വ്യവസായത്തിനും പ്രാധാന്യം നൽകും.

കാക്കനാട് സിവിൽ സ്റ്റേഷൻ ജംഗ്ഷനിൽ ആറന്മുള കണ്ണാടിയും കൊച്ചി സെസ് സ്റ്റേഷനിൽ കേരളത്തിന്റെ പരമ്പരാഗത ആഭരണങ്ങളും പ്രദർശിപ്പിക്കും.

നിർമാണ പ്രവർത്തനങ്ങൾ ലക്ഷ്യമിട്ട സമയപരിധിക്കുള്ളിൽ പൂർത്തിയാകുന്നതോടെ കൊച്ചിയുടെ ഗതാഗത സൗകര്യങ്ങൾക്ക് കൂടുതൽ കരുത്തേകാൻ രണ്ടാംഘട്ട മെട്രോയ്ക്ക് കഴിയുമെന്നാണ് പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *