ലൈംഗികാതിക്രമം ചോദ്യം ചെയ്ത യുവതിയെ ട്രെയിനിൽനിന്ന് തള്ളിയിട്ട സംഭവം,​ പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

മുംബയ്: ലൈംഗികാതിക്രമം ചോദ്യം ചെയ്‌ത യുവതിയെ ട്രെയിനിൽനിന്ന് തള്ളിയിട്ട 53 കാരന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ട് പൊലീസ്. നവംബർ നാലിന് മഹാരാഷ്‌ട്രയിലെ നായ്‌ഗാവ് റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം. യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട ശേഷം യാതൊരു ഭാവവ്യത്യാസവുമില്ലാതെ പ്ലാറ്റ്‌ഫോമിലൂടെ നടന്നുപോകുന്ന പ്രതിയുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. സംഭവത്തിൽ അറസ്റ്റിലായ 53കാരനായ ജിതേന്ദ്ര ഹിർമുഖെയാണ് ദൃശ്യങ്ങളിലുള്ളത്.

ചുവന്ന ഷർട്ട് ധരിച്ച പ്രതി റെയിൽവേ പ്ലാറ്റ്‌ഫോമിലൂടെ വേഗത്തിൽ നടന്നുപോകുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. യാത്രക്കാർക്കിടയിലൂടെ നടന്നുനീങ്ങുന്നതിനിടെ മറ്റൊരു യാത്രക്കാരനുമായി ഇയാൾ സംസാരിക്കുന്നുണ്ട്. തുടർന്ന് സിസിടിവിയിൽ നിന്ന് മറയുന്ന പ്രതി പിന്നീട് വീണ്ടും ദൃശ്യങ്ങളിൽ പ്രത്യക്ഷപ്പെടുകയും പ്ലാറ്റ്‌ഫോമിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ നടക്കുകയും ചെയ്യുന്നുണ്ട്. ഇതിനിടെ പരിഭ്രാന്തനായതുപോലെ നെറ്റിയിൽ കൈവച്ച് നിൽക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിലെ വിടവിലേക്ക് വീണ് ഗുരുതരമായി പരിക്കേറ്റ 20 കാരിയുടെ ഇടതു കൈ, മുട്ടിന് താഴെനിന്നും മുറിച്ചുമാറ്റേണ്ടിവന്നിരുന്നു. രാത്രിയിൽ ബോറിവലിയിൽനിന്ന് വിരാറിലേക്കുള്ള ലോക്കൽ ട്രെയിനിൽ യാത്ര ചെയ്യവെയാണ് യുവതി ആക്രമിക്കപ്പെട്ടത്. ട്രെയിനിലെ തിരക്കുകാരണം ഭിന്നശേഷിക്കാർക്കായി സംവരണം ചെയ്‌ത കോച്ചിലാണ് യുവതി കയറിയത്. ഇതേ കോച്ചിൽ യാത്ര ചെയ്‌ത 53 കാരനായ ജിതേന്ദ്ര ഹിർമുഖെയാണ് അതിക്രമത്തിന് ശ്രമിച്ചത്. ഇയാളെ പിന്നീട് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പൊലീസ് അറസ്റ്റുചെയ്തിരുന്നു.

'ഞാൻ അയാളെ ചീത്ത പറഞ്ഞു. തിരിച്ചും അസഭ്യം പറഞ്ഞു. ചെരുപ്പുകൊണ്ട് അടിച്ച് അകറ്റാൻ ശ്രമിച്ചപ്പോൾ അയാളും സ്വന്തം ചെരുപ്പുകൊണ്ട് എന്നെ അടിച്ചു. അതിനുശേഷമാണ് ട്രെയിനിൽ നിന്ന് തള്ളിയിട്ടത്. എനിക്ക് നീതി വേണം. എന്റെ ജീവിതം തകർന്നു. വീട്ടിലെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത് ഞാനായിരുന്നു. ഇനി ഒറ്റ കൈകൊണ്ട് എനിക്ക് ഒന്നും ചെയ്യാൻ കഴിയില്ല. തലയ്ക്ക് 16 തുന്നലുകളുണ്ട്. എനിക്ക് നീതി ലഭിക്കണം. എത്രയും വേഗം സുഖം പ്രാപിക്കാൻ എല്ലാവരും പ്രാർത്ഥിക്കണം. പ്രതിക്ക് അർഹമായ ശിക്ഷയും ലഭിക്കണം'- യുവതി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *