കേരളത്തിലെ ന്യൂനപക്ഷങ്ങൾക്കായി ഒട്ടേറെ പുതിയ പദ്ധതികൾ ; ‘പി എം വികാസും’ വായ്പാ പദ്ധതികളും വഴി തൊഴിലും വിദ്യാഭ്യാസവും; പ്രധാനമന്ത്രിയുടെ പതിനഞ്ചിന പരിപാടിയിൽ സവിശേഷ സ്ഥാനം !

തിരുവനന്തപുരം: രാജ്യത്ത് ന്യൂനപക്ഷ ശാക്തീകരണത്തിന് പുതിയ ദിശാബോധം. ന്യൂനപക്ഷ സമുദായങ്ങളുടെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ രംഗങ്ങളിലെ സമഗ്രമായ ഉന്നമനം ലക്ഷ്യമിട്ട് ഒട്ടേറെ പുതിയ പദ്ധതികളുമായി കേന്ദ്രസർക്കാർ രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പുതിയ പതിനഞ്ചിന പരിപാടികളിലും ന്യൂനപക്ഷക്ഷേമത്തിനായുള്ള പദ്ധതികൾക്ക് മുൻഗണന നൽകിയിട്ടുണ്ട്.

മാപ്പുകൾ കാണുക

ഇന്ത്യയിൽ മുസ്ലിം, ക്രിസ്ത്യൻ, ബുദ്ധർ, ജൈനർ, പാഴ്സികൾ, സിഖുകൾ എന്നീ ആറ് സമുദായങ്ങളെയാണ് കേന്ദ്രസർക്കാർ ന്യൂനപക്ഷ വിഭാഗങ്ങളായി അംഗീകരിച്ചിട്ടുള്ളത്. ഇതിൽ കേരളത്തിലെ ന്യൂനപക്ഷങ്ങൾക്കാണ് ഏറ്റവും അധികം ആനുകൂല്യം ലഭിക്കുക. നൈപുണ്യ വികസനം, സംരംഭകത്വം, നേതൃത്വ പരിശീലനം എന്നിവ മുൻനിർത്തി പ്രത്യേക പദ്ധതികളാണ് കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രാലയത്തിന്റെ ഏകോപനത്തിൽ നടപ്പാക്കിവരുന്നത്.

'പി എം വികാസ്' (പ്രധാൻ മന്ത്രി വിരാസത്ത് കാ സംവർധൻ – പി.എം.വി ഐ.കെ.എ.എസ്) എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന പദ്ധതിയാണ് ഇതിൽ ഏറ്റവും പ്രധാനം. നേരത്തെ വിവിധ വഴികളിലായി ചിതറിക്കിടന്നിരുന്ന സീഖോ ഔർ കമാവോ, ഉസ്താദ്, ഹമാരി ധരോഹർ, നയി റോഷ്നി, നയി മൻസിൽ എന്നീ അഞ്ച് കേന്ദ്ര പദ്ധതികളെ സംയോജിപ്പിച്ചാണ് പി. എം വികാസ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

പദ്ധതി ഒരുകുടക്കീഴിൽ എത്തിയതോടെ പരമ്പരാഗത കരകൗശല വിദഗ്ധർക്ക് പരിശീലനവും വനിതകൾക്ക് നേതൃത്വപരിശീലനവും സ്കൂൾ പഠനം പകുതി വഴിയിൽ അവസർത്തവർക്ക് തൊഴിൽ പിന്തുണയും വേഗത്തിൽ ലഭ്യമാകുന്നു. സ്വയംതൊഴിലിനും വിദ്യാഭ്യാസത്തിനുമായി ദേശീയ ന്യൂനപക്ഷ ധനകാര്യ കോർപ്പറേഷൻ (എൻ എം ഡി എഫ് സി) മുഖേന കുറഞ്ഞ പലിശനിരക്കിൽ വായ്പകൾ നൽകുന്നതാണ് മറ്റൊരു പ്രധാന പദ്ധതി.

വാർഷിക കുടുംബവരുമാനം 3 ലക്ഷം രൂപ വരെയുള്ളവരും 8 ലക്ഷം രൂപ വരെയുള്ളവരുമായി അർഹരെ രണ്ട് സ്ലാബുകളായാണ് തിരിച്ചിരിക്കുന്നത്. ടെംലോൺ, മൈക്രോ ഫിനാൻസ്, വിദ്യാഭ്യാസ വായ്പ, വിരാസത്ത് വായ്പ എന്നിവയാണ് എൻ എം ഡി എഫ് സി പ്രധാനമായും നൽകുന്നത്. കേരളത്തിൽ ന്യൂനപക്ഷ ക്ഷേമ വകുപ്പാണ് അംഗീകൃത ഏജൻസി എന്നതിനാൽ അക്ഷയ കേന്ദ്രങ്ങൾ മുഖേന ഇതിനായി അപേക്ഷകൾ സമർപ്പിക്കാം.

വിദ്യാഭ്യാസം, ആരോഗ്യം, നൈപുണ്യ വികസനം എന്നീ മേഖലകളിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനായി 'പ്രധാൻ മന്ത്രി ജൻ വികാസ് കാര്യക്രം' (പി. എം.ജെ.വി.കെ) പദ്ധതിയും സജീവമാണ്. സ്കൂളുകൾ, ഐ.ടി. ഐകൾ, ഹോസ്റ്റലുകൾ, ആശുപത്രികൾ, സദ്ഭാവന മണ്ഡപങ്ങൾ എന്നിവയുടെ നിർമ്മാണമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കൂടാതെ, നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ വഴി പ്രീ-മെട്രിക്, പോസ്റ്റ്-മെട്രിക്, മെറിറ്റ്-കം-മീൻസ് സ്കോളർഷിപ്പുകളും, ഒൻപത് മുതൽ പന്ത്രണ്ട് വരെ ക്ലാസുകളിലെ പെൺകുട്ടികൾക്കായി ബീഗം ഹസ്രത്ത് മഹൽ നാഷണൽ സ്കോളർഷിപ്പും മിടുക്കരായ വിദ്യാർത്ഥികൾക്ക് കരുത്തുപകരുന്നു.

കേന്ദ്രസർക്കാരിന്റെ വിവിധ മന്ത്രാലയങ്ങൾ നടപ്പാക്കുന്ന പി.എം. ആവാസ് യോജന, ദേശീയ ഗ്രാമീണ ഉപജീവന മിഷൻ തുടങ്ങിയ പൊതു ക്ഷേമ പദ്ധതികളുടെ ഫണ്ട് വിതരണത്തിൽ 15 ശതമാനം വിഹിതം ന്യൂനപക്ഷ സമുദായങ്ങളിലുള്ളവർക്കായി നീക്കിവെക്കാൻ തീരുമാനിച്ചിട്ടുണ്ട്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കായി 'ന്യായ സവേര', തൊഴിലധിഷ്ഠിത കോഴ്സുകൾക്കായി 'ഗാരിബ് നവാസ് എംപ്ലോയ്മെന്റ് ട്രെയിനിങ്' തുടങ്ങിയ പദ്ധതികളും രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *