ന്യൂഡൽഹി: ദീർഘദൂര ട്രെയിനുകളിലെ യാത്രക്കാർക്കായി ഏർപ്പെടുത്തിയ റിസർവേഷൻ എഗെയിൻസ്റ്റ് കാൻസലേഷൻ (ആർഎസി) സംവിധാനം പൂർണമായി ഒഴിവാക്കാൻ റെയിൽവെ ആലോചിക്കുന്നു. ഒരു സൈഡ് ലോവർ സീറ്റ് രണ്ട് യാത്രക്കാർക്കായി പങ്കിട്ടുനൽകുന്ന നിലവിലെ ആർഎസി സംവിധാനമാണ് അവസാനിപ്പിക്കാൻ നോക്കുന്നത്. ആർഎസി ടിക്കറ്റിൽ പകുതി സീറ്റ് മാത്രമേ ലഭിക്കൂ എങ്കിലും യാത്രക്കാർ നിലവിൽ മുഴുവൻ ചാർജും നൽകിയാണ് യാത്രചെയ്യേണ്ടത്. 'യാത്രക്കാർക്ക് മുഴുവൻ സീറ്റ് ലഭിക്കാത്ത സാഹചര്യത്തിൽ മുഴുവൻ ചാർജ് ഏർപ്പെടുത്തുന്നത് ശരിയല്ല.' എന്ന് പൊതുവെ ആർഎസി സീറ്റിനെതിരെ യാത്രക്കാർക്കിടയിൽ അഭിപ്രായമുണ്ടെന്ന് ഒരു ഉന്നത റെയിൽവെ ഉദ്യോഗസ്ഥൻ ദേശീയ മാദ്ധ്യമങ്ങളോട് പറഞ്ഞു.
ആർഎസി ടിക്കറ്റിൽ ചിലപ്പോൾ ഒരു സ്‌ത്രീയും പുരുഷനും ഒന്നിച്ച് യാത്രചെയ്യേണ്ട അവസ്ഥയുണ്ടാകാറുണ്ട്. ഈ സാഹചര്യത്തിൽ ഇവർക്ക് പ്രത്യേക സീറ്റ് കണ്ടെത്തേണ്ട ചുമതല ടിക്കറ്റ് എക്‌സാമിനർമാർക്കും ബുദ്ധിമുട്ടാണ്. രണ്ട് യാത്രക്കാരെ ഒരു സീറ്റിൽ യാത്രചെയ്യാൻ അനുവദിക്കുന്ന സംവിധാനമായ ആർഎസിയിൽ മറ്റേതെങ്കിലും ഒരു യാത്രക്കാരൻ സീറ്റ് ക്യാൻസൽ ചെയ്‌താൽ അത് അനുവദിച്ച് നൽകാനാണ് നിലവിൽ സാധുതയുള്ളത്.
പുതുതായി തുടങ്ങിയ വന്ദേഭാരത് ട്രെയിനുകളിലും വന്ദേ സ്‌ളീപ്പർ ട്രെയിനുകളിലും ആർഎസി സംവിധാനമില്ല. ഇതിൽ വെയിറ്റിംഗ് ലിസ്റ്റുമില്ല. ഇതേസംവിധാനം മറ്റ് ട്രെയിനുകളിലേക്കും എത്തിക്കാനാണ് ആലോചന. സ്‌ളീപ്പർ കോച്ചുകളിൽ നിലവിൽ ഏഴ് സൈഡ് ലോവർ ബെർത്തുകളും തേർഡ് എസിയിൽ അഞ്ച് ബെർത്തും, സെക്കന്റ് എസിയിൽ മൂന്ന് ബെർത്തുകളും ആണ് സാധാരണ ഒരു ട്രെയിനിൽ നീക്കിവച്ചിരിക്കുന്നത്. എൽഎച്ച്ബി കോച്ചുകളുടെ ഘടനക്കനുസരിച്ച് ഇതിൽ മാറ്റവും വരാറുണ്ട്.