തിരുവനന്തപുരം: സിപിഎമ്മിനെതിരെ നടക്കുന്ന വ്യാജ വാർത്തകളെയും പ്രചരണങ്ങളെയും നിയമപരമായി നേരിടാൻ പ്രത്യേക ലീഗൽ സെൽ സജ്ജമാക്കി സിപിഎം. കേന്ദ്രകമ്മിറ്റി അംഗമായ പി രാജീവിനാണ് സെല്ലിന്റെ ചുമതല നൽകിയിരിക്കുന്നത്. പാർട്ടി വിപുലീകൃത കമ്മിറ്റിയുടെ നിർദേശപ്രകാരമാണ് പുതിയ സംവിധാനം രൂപീകരിച്ചത്.
ഹൈക്കോടതി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന 30 മുതിർന്ന അഭിഭാഷകരുടെ നേതൃത്വത്തിലുള്ള പ്രത്യേക സമിതിയാണ് സെല്ലിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. കൂടാതെ എല്ലാ ജില്ലകളിലും അഭിഭാഷക കൂട്ടായ്മകളും രൂപീകരിച്ചിട്ടുണ്ട്. മുന്നൂറോളം അഭിഭാഷകരാണ് സെല്ലിന്റെ ഭാഗമായി പ്രവർത്തിക്കുന്നത്. വിവരാവകാശ നിയമപ്രകാരമുള്ള ഇടപെടലുകൾക്കായി വിവരാവകാശ പ്രവർത്തകരുടെ പ്രത്യേക സംഘത്തെയും സജ്ജമാക്കിയിട്ടുണ്ട്.