തിരുവനന്തപുരം: ചാലയിലെ സ്വര്‍ണക്കവര്‍ച്ച ആസൂത്രണത്തില്‍ മാളവിക ജ്വല്ലറി ഉടമയ്ക്കും പങ്ക്. ജ്വല്ലറി ഉടമ ജയറാം പ്രതികളുമായി ബന്ധപ്പെട്ടിരുന്നു എന്ന് പൊലീസ് പറയുന്നു. വിശദമായ ചോദ്യംചെയ്യലിന് ശേഷം ജയറാമിന്റെ അറസ്റ്റ് രേഖപ്പെടുത്തും.
തിരുവനന്തപുരം നഗരത്തില്‍ വന്‍ ആസൂത്രണത്തോടെ നടപ്പിലാക്കിയ സ്വര്‍ണക്കവര്‍ച്ചയില്‍ 48 മണിക്കൂറിനുള്ളില്‍ പൊലീസ് പ്രതികളെ വലയിലാക്കി. സിസിടിവി ദൃശ്യമായിരുന്നു നിര്‍ണ്ണായകമായത്. കൃത്യത്തിനു ഉപയോഗിച്ച ഹോണ്ട സി.ബി 350 ബൈക്ക് പ്രതികളിലേക്ക് എത്താനുള്ള തുമ്പായി.
ഇതോടെ ആസൂത്രണം സംബന്ധിച്ച വിവരങ്ങളും പൊലീസിന് ലഭിച്ചു. ചാലയില്‍ സ്വര്‍ണ്ണ ഏജന്റുകളായി പ്രവര്‍ത്തിക്കുന്ന മഹാരാഷ്ട്ര സ്വദേശി അമോല്‍, തിരുവനന്തപുരം സ്വദേശി ദിലീപ് എന്നിവരാണ് കവര്‍ച്ചയ്ക്ക് ക്വട്ടേഷന്‍ നല്‍കിയത്. നന്ദകുമാറുമായി പ്രതികള്‍ക്കുണ്ടായിരുന്ന ബിസിനസ് വൈരാഗ്യമായിരുന്നു കാരണം. നിരവധി കേസുകളില്‍ പ്രതിയായ അനൂപ് രാജിനാണ് ക്വട്ടേഷന്‍ നല്‍കിയത്.