തിരുവനന്തപുരം: വിദേശ സര്‍വകലാശാലകള്‍ക്കു സംസ്ഥാനത്ത് ക്യാമ്പസുകള്‍ ആരംഭിക്കാന്‍ അനുമതി നല്‍കുന്നതിനുള്ള ബില്‍ 30 ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കും. കരട് ബില്ലിന് അടുത്ത അടുത്ത മന്ത്രിസഭായോഗം അംഗീകാരം നല്‍കിയേക്കും. കേരളത്തില്‍ നിന്നുള്ള കുട്ടികള്‍ വിദേശത്തേക്ക് കുടിയേറുന്നതു തടയുകയും രാജ്യത്തെ പ്രധാനപ്പെട്ട ഉന്നത വിദ്യാഭ്യാസ ഹബ്ബാക്കി സംസ്ഥാനത്തെ മാറ്റുകയുമാണു ലക്ഷ്യമെന്ന് സംസ്ഥാന സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.
വിദേശ രാജ്യങ്ങളിലെ ഉന്നത നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കേരളത്തില്‍ പുതിയ സര്‍വകലാശാലകള്‍ തുടങ്ങുന്നതിനും നിലവിലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളോ കോളജുകളോ ഏറ്റെടുത്ത് പ്രവര്‍ത്തിപ്പിക്കുന്നതിനും അനുമതി നല്കുന്ന വ്യവസ്ഥകളാണ് കരടില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പാസാക്കുകയും പിന്നീട് രാഷ്ട്രപതി തിരിച്ചയയ്ക്കുകയും ചെയ്ത സ്വകാര്യ സര്‍വകലാശാലാ ബില്ലിന് പകരമായാണ് പുതിയ വ്യവസ്ഥകളോടെ ഈ ബില്‍ തയാറാക്കിയിട്ടുള്ളത്.
സംസ്ഥാനത്ത് നിലവിലുള്ള പൊതു സര്‍വകലാശാലകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനും വിദേശ സ്ഥാപനങ്ങള്‍ക്ക് അവസരം ലഭിക്കും.വിദേശ സര്‍വകലാശാലകള്‍ക്കു കേരളത്തില്‍ പ്രവര്‍ത്തിക്കാന്‍ ട്രസ്റ്റായോ പ്രത്യേക സ്ഥാപനമായോ ഇവിടെ രജിസ്റ്റര്‍ ചെയ്യണം എന്നതാണ് പ്രധാന വ്യവസ്ഥ. സംസ്ഥാനവുമായുള്ള സ്ഥാപനത്തിന്റെ ബന്ധവും ഉത്തരവാദിത്വവും കൂടുതല്‍ ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ വ്യവസ്ഥ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് ഇവിടെനിന്നുതന്നെ വിദേശ സര്‍വകലാശാലകളുടെ ഗുണനിലവാരമുള്ള വിദ്യാഭ്യാസം നേടാന്‍ അവസരം ലഭിക്കുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. വിദേശ വിദ്യാര്‍ഥികളെ കേരളത്തിലേക്ക് ആകര്‍ഷിക്കാനും അതുവഴി വിദേശനാണ്യം നേടാനും കഴിയുമെന്നും വിലയിരുത്തപ്പെടുന്നു. അതേസമയം വിദേശ സര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കുന്നതിനെ പ്രതിപക്ഷം നിയമസഭയ്ക്കുക്കുള്ളിലും പുറത്തും എതിര്‍ക്കുമെന്നാണ് സൂചന.
മാപ്പുകൾ കാണുക
ജി. അരുണ്‍