തിരുവനന്തപുരം: തൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ടിൽ തിരുവമ്പാടി ദേവസ്വത്തിനെതിരെ ഗുരുതര പരാമർശങ്ങൾ. പൂരം കലക്കാൻ ദേവസ്വം ഭാരവാഹികൾ കുറ്റകരമായ ഗൂഢാലോചന നടത്തിയെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. എന്നാൽ ഈ ആരോപണങ്ങൾ സാധൂകരിക്കാൻ ആവശ്യമായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി ആഭ്യന്തരവകുപ്പ് റിപ്പോർട്ട് തള്ളിയിരുന്നു. കൂടുതൽ തെളിവുകൾ ഉൾപ്പെടുത്തി പോലീസ് വീണ്ടും റിപ്പോർട്ട് സമർപ്പിച്ചേക്കും.
പൂരം നടത്തിപ്പിന് ചുമതലയുണ്ടായിരുന്നവർ തന്നെ ചടങ്ങുകൾ തടസ്സപ്പെടുത്താൻ ബോധപൂർവം ശ്രമിച്ചെന്നാണ് അന്വേഷണ റിപ്പോർട്ടിലെ പ്രധാന ആരോപണം. ആചാരങ്ങൾ ലംഘിച്ച് പ്രശ്നങ്ങൾ സൃഷ്ടിക്കാൻ നീക്കം നടത്തിയെന്നും പോലീസ് നിർദേശങ്ങൾ അവഗണിച്ചെന്നും റിപ്പോർട്ടിലുണ്ട്. പോലീസ്, ദേവസ്വം, ഭരണവിഭാഗങ്ങൾ തമ്മിൽ ഏകോപനമുണ്ടായില്ലെന്നും വെടിക്കെട്ടുമായി ബന്ധപ്പെട്ട ഹൈക്കോടതി നിർദേശങ്ങൾ പാലിച്ചില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. വിശ്വാസം സംരക്ഷിക്കേണ്ട ചുമതലയുള്ളവർ തന്നെ ആചാരങ്ങൾക്കെതിരെ നീക്കം നടത്തിയെന്ന ആരോപണം തെളിവുകളുടെ അഭാവത്തിൽ അംഗീകരിക്കാനാകില്ലെന്നാണ് ആഭ്യന്തരവകുപ്പിന്റെ നിലപാട്.
കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് പൂരം കലക്കലിൽ അന്വേഷണം പ്രഖ്യാപിച്ച് ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തിയത്. അന്വേഷണത്തിനൊടുവിൽ കഴിഞ്ഞ 26-നാണ് 16 പ്രധാന കണ്ടെത്തലുകൾ ഉൾപ്പെടുത്തിയ റിപ്പോർട്ട് ആഭ്യന്തരവകുപ്പിന് കൈമാറിയത്. എന്നാൽ റിപ്പോർട്ടിലെ പല ആരോപണങ്ങൾക്കും മതിയായ തെളിവുകളില്ലെന്നും കേസ് കോടതിയിലെത്തിയാൽ നിലനിൽക്കുമോ എന്ന കാര്യത്തിൽ സംശയമുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് മടക്കിയത്. ആവശ്യമായ തെളിവുകൾ ശേഖരിച്ച് റിപ്പോർട്ട് വീണ്ടും സമർപ്പിക്കാനാണ് പോലീസിന്റെ നീക്കം.