ഐസിസി ചെയർമാനായി രണ്ടാമതും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട് ജയ് ഷാ

ദുബായ്: ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) ചെയർമാനായി ജയ് ഷാ രണ്ടാം തവണയും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ബാലിയിൽ നടന്ന ബോർഡ് കമ്മിറ്റി യോഗത്തിനുശേഷമാണ് പ്രഖ്യാപനം. ബോർഡിന്റെ തീരുമാനത്തിൽ നന്ദിയറിയിച്ച ഷാ ഐസിസിയെ നയിക്കുന്നത് ബഹുമതിയും വലിയ ഉത്തരവാദിത്തവുമാണെന്ന് വ്യക്തമാക്കി. 2028ൽ ലോസാഞ്ചലസിൽ നടക്കുന്ന ഒളിംപിക് ഗെയിംസിലേയ്ക്ക് ക്രിക്കറ്റ് വീണ്ടുമെത്തുന്ന സമയത്തെ ഉത്തരവാദിത്തം വലുതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) സെക്രട്ടറി സ്ഥാനത്തുനിന്നാണ് ജയ് ഷാ ഐസിസി ചെയർമാൻ പദവിയിലെത്തിയത്. 2019ലാണ് അദ്ദേഹം ബിസിസിഐയുടെ സെക്രട്ടറി സ്ഥാനത്തെത്തിയത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മകനായ ജയ് ഷാ ഐസിസി ചെയർമാനാകുന്ന അഞ്ചാമത്തെ ഇന്ത്യക്കാരനാണ്. ജഗ്‌മോഹൻ ഡാൽമിയ, ശരദ് പവാർ, എൻ ശ്രീനിവാസൻ, ശശാങ്ക് മനോഹർ എന്നിവരാണ് ഇതിന് മുമ്പ് ഐസിസി തലപ്പത്തെത്തിയ ഇന്ത്യക്കാർ. ഐസിസിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചെയർമാനാണ് 38കാരനായ ജയ് ഷാ.

2024 ഡിസംബറിലാണ് ജയ് ഷാ ആദ്യമായി ഐസിസിയുടെ തലപ്പത്തെത്തിയത്. ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ (എസിസി) ചെയർമാനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2009ൽ ജില്ലാതല, സംസ്ഥാനതല പദവികളിലൂടെയാണ് അദ്ദേഹം ക്രിക്കറ്റ് ഭരണസമിതിയിലെത്തിയത്. പിന്നാലെ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്റെ തലപ്പത്തെത്തിയതാണ് നിർണായക വഴിത്തിരിവായത്.

ഐസിസിയിലെ ജയ് ഷായുടെ ഭരണകാലത്ത് സുപ്രധാന നേട്ടങ്ങൾക്കാണ് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്. ഐപിഎൽ മീഡിയ റൈറ്റ്‌സ് കരാർ, വിമൻസ് പ്രീമിയർ ലീഗ് (ഡബ്ള്യുപിഎൽ), 'സെന്റർ ഓഫ് എക്സലൻസ്' സ്ഥാപനം, ടെസ്റ്റ് ക്രിക്കറ്റ് ഇൻസെന്റീവ് സ്കീം തുടങ്ങിയവ അദ്ദേഹം തുടക്കമിട്ട പദ്ധതികളാണ്.

Leave a Reply

Your email address will not be published. Required fields are marked *