കുറഞ്ഞ നിരക്ക്, കൂടുതൽ സൗകര്യം: കെഎസ്‌ആർടിസിയെ തേടി ഒഴുകിയെത്തി ജനങ്ങൾ, വൻ വരുമാനം

കൊല്ലം: സ്വകാര്യ മേഖലയേക്കാൾ കുറഞ്ഞ നിരക്കിലും കൂടുതൽ സൗകര്യങ്ങൾ ഒരുക്കിയും കെ.എസ്.ആർ.ടി.സി നടത്തുന്ന ഡ്രൈവിംഗ് സ്‌കൂളുകൾ തേടി പഠിതാക്കളുടെ നിര. രണ്ട് വർഷത്തിനിടെ 1189 പേരാണ് ജില്ലയിലെ രണ്ട് കെ.എസ്.ആർ.ടി.സി ഡ്രൈവിംഗ് സ്‌കൂളുകളിൽ പരിശീലിച്ച് ലൈസൻസ് നേടിയത്. സ്വകാര്യ ഡ്രൈവിംഗ് സ്‌കൂളുകളുടെ ഉയർന്ന ഫീസിന് ബദലായി 2024 നവംബറിൽ ചാത്തന്നൂർ, ചടയമംഗലം ഡിപ്പോകളിലാണ് ഡ്രൈവിംഗ് സ്‌കൂളുകൾ ആരംഭിച്ചത്.

ഡ്രൈവിംഗ് പാഠപുസ്തകം, പഠനത്തിനായുള്ള പ്രത്യേക മൊബൈൽ ആപ്പ്, മോക് എക്സാമിനേഷൻ, സിമലേറ്റർ സംവിധാനം തുടങ്ങിയ എല്ലാ ആധുനിക സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. പ്രാക്ടിക്കലിനൊപ്പം വാഹനങ്ങളുടെ യന്ത്രഭാഗങ്ങളെക്കുറിച്ചുള്ള അറിവ് പകരുന്ന തിയറി ക്ലാസുകളുമുണ്ട്. ഹെവി വാഹന പരിശീലനത്തിനൊഴികെ പുതിയ വാഹനങ്ങളാണ് ഉപയോഗിക്കുന്നത്. കെ.എസ്.ആർ.ടി.സി ഡ്രൈവർമാർക്ക് പരിശീലനം നൽകിയിരുന്നവരെയും ഈ സ്‌കൂളുകളിൽ പരിശീലകരായി നിയോഗിച്ചിട്ടുണ്ട്. സ്ത്രീകൾക്കായി വനിതാ പരിശീലകരുമുണ്ട്.

എങ്ങനെയെങ്കിലും ലൈസൻസ് എടുത്തുകൊടുക്കുക എന്ന പരമ്പരാഗത രീതിയിൽ നിന്നു വ്യത്യസ്തമായി ആത്മവിശ്വാസത്തോടെ വാഹനങ്ങളുമായി നിരത്തിലിറങ്ങാൻ പ്രാപ്തരാക്കുന്ന ശാസ്ത്രീയ പരിശീലനമാണ് ഇവിടുത്തെ പ്രധാന ആകർഷണം. റോഡ് നിയമങ്ങൾ കർശനമായി പാലിച്ച് സുരക്ഷിതമായി വാഹനം കൈകാര്യം ചെയ്യാനുള്ള ബോധവത്കരണത്തിനാണ് പ്രഥമ പരിഗണന. ലൈസൻസ് ഉണ്ടെങ്കിലും വാഹനമോടിക്കാൻ പേടിയുള്ളവർക്ക് പ്രത്യേക പരിശീലനം ലഭിക്കും. കെ.എസ്.ആർ.ടി.സിയുടെ ഉടമസ്ഥതയിലുള്ള ഗ്രൗണ്ടിൽ കൃത്യമായ ഷെഡ്യൂൾ അനുസരിച്ചാണ് പരിശീലനം നടക്കുന്നത്. നേരിട്ട് ഡിപ്പോകളിലെത്തി പ്രവേശനം നേടാം.

ഹെവി വാഹനങ്ങൾക്ക് ഫീസ് – 9000

ഇരുചക്ര വാഹനം -3500

കാർ, ഇരുചക്രവാഹനം പ്രത്യേക പാക്കേജ് -11,000

രണ്ട് വർഷത്തിനിടെ ലൈസൻസ് നേടിയവർ:

ചാത്തന്നൂർ ഡിപ്പോ: പ്രവേശനം നേടിയവർ: 659, ഹെവി: 313, 213

ചടയമംഗലം ഡിപ്പോ: പ്രവേശനം നേടിയവർ: 530, ഹെവി: 213

സ്വകാര്യ സ്ഥാപന നിരക്ക്

ഹെവി: 7500

ഇരുചക്ര വാഹനം: 5000

കാർ: 10000 മുതൽ

Leave a Reply

Your email address will not be published. Required fields are marked *