ചെന്നൈ: തമിഴ്നാട് പൊതുമരാമത്ത്, കായിക വികസന വകുപ്പ് മന്ത്രിയും ടിവികെ നേതാവുമായ ആധവ് അർജുനയും ഭാര്യ ഡെയ്സി മാർട്ടിനും വേർപിരിയുന്നു. 14 വർഷത്തെ വിവാഹജീവിതം അവസാനിപ്പിക്കുന്നതായി ഡെയ്സി ആണ് സമൂഹമാദ്ധ്യമത്തിലൂടെ അറിയിച്ചത്. പ്രമുഖ വ്യവസായിയും ലോട്ടറി രാജാവെന്നറിയപ്പെടുന്നയാളുമായ സാന്റിയാഗോ മാർട്ടിന്റെ മകളാണ് ഡെയ്സി.
'14 വർഷങ്ങളായി ഞങ്ങൾ പരസ്പരം ജീവിതത്തിന്റെ ഭാഗമായിരുന്നു. സ്നേഹവും പരസ്പര ധാരണയും മാറ്റങ്ങളും നിറഞ്ഞതായിരുന്നു ആ യാത്ര. സുഹൃത്തുക്കളായും ജീവിത പങ്കാളികളായും മാതാപിതാക്കളായും ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെ ഞങ്ങൾ ഒരുമിച്ച് സഞ്ചരിച്ചു.
ഇന്ന്, ഞാനും ആധവ് അർജുനയും ദമ്പതികൾ എന്ന നിലയിലുള്ള ബന്ധം അവസാനിപ്പിച്ച്, വെവ്വേറെ വഴികളിലൂടെ സഞ്ചരിക്കാൻ പരസ്പര സമ്മതത്തോടെ തീരുമാനിച്ചിരിക്കുന്നു. ഇത് ഞങ്ങളുടെ ജീവിതത്തിലെ ഒരു പുതിയ അദ്ധ്യായത്തിന്റെ തുടക്കമാണ്. എങ്കിലും ഞങ്ങളുടെ കുഞ്ഞിന്റെ സന്തോഷവും ക്ഷേമവും ഉറപ്പാക്കുന്നതിനും ഒരുമിച്ച് അവനെ വളർത്തുന്നതിനും എന്നും പ്രാധാന്യം നൽകും.
ആധവ് അർജുനയോട് എനിക്ക് എപ്പോഴും ആദരവുണ്ടാകും. അദ്ദേഹം തിരഞ്ഞെടുക്കുന്ന എല്ലാ കാര്യങ്ങളിലും സന്തോഷവും സമാധാനവും വിജയവും ലഭിക്കട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു. ജീവിതത്തിലെ ഈ മാറ്റത്തിലൂടെ കടന്നുപോകുമ്പോൾ നിങ്ങളുടെ പിന്തുണയും ദയയും ഉണ്ടാകണമെന്നും ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും ഞങ്ങൾ അഭ്യർത്ഥിക്കുന്നു'- എന്നാണ് ഡെയ്സി മാർട്ടിൻ സമൂഹമാദ്ധ്യമത്തിൽ കുറിച്ചത്.
കായികതാരം കൂടിയായ ആധവ് അർജുന ബാസ്കറ്റ്ബോൾ ഫെഡറേഷൻ ഒഫ് ഇന്ത്യയുടെ പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിടുതലൈ ചിരുതൈകൾ കക്ഷി എന്ന പാർട്ടിയിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്. തുടർന്ന് തമിഴ്നാട് മുഖ്യമന്ത്രി രൂപീകരിച്ച തമിഴക വെട്രി കഴകം (ടിവികെ) പാർട്ടിയിൽ അംഗമാവുകയായിരുന്നു. ഡെയ്സി മാർട്ടിൻ സംരംഭകയാണ്. അറൈസ് ഇൻവെസ്റ്റ്മെന്റ്സ് ആന്റ് ക്യാപിറ്റൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടറാണ്. മാർട്ടിൻ ചാരിറ്റബിൾ ട്രസ്റ്റിലും നിർണായക ചുമതലകൾ വഹിക്കുന്നുണ്ട്.