തിരുവനന്തപുരം: കഴക്കൂട്ടത്ത് ലഹരിസംഘം പൊലീസിന് നേരെ നടത്തിയ ആക്രമണത്തിൽ നാല് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റു. ഡാൻസാഫ് സംഘത്തിന്റെ ബൈക്കിലേക്ക് ജീപ്പ് ഇടിച്ചുകയറ്റിയാണ് ആക്രമണം നടത്തിയത്. പരുക്കേറ്റ പൊലീസുകാരനായ ദീപു രാജിന്റെ കൈ ഒടിഞ്ഞു. ഒപ്പമുണ്ടായിരുന്ന മറ്റൊരു ഉദ്യോഗസ്ഥൻ ചാടി മാറിയാണ് രക്ഷപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവല്ലം സ്വദേശി അഭിഷേക്, വെട്ടുകാട് സ്വദേശി രതീഷ്, കാസർകോട് സ്വദേശി സ്വാലി എന്നിവരാണ് പിടിയിലായത്.
എംഡിഎംഎയുമായി ഒരു സംഘം എത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് ഡാൻസാഫ് സംഘം പരിശോധന നടത്തുന്നതിനിടെയാണ് ആക്രമണമുണ്ടായത്. പൊലീസുകാർ സംഘത്തെ തടയാൻ ശ്രമിച്ചതോടെ ഇവർ സഞ്ചരിച്ചിരുന്ന ജീപ്പ് ഉദ്യോഗസ്ഥരുടെ ബൈക്കിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ബൈക്ക് പൂർണമായും ജീപ്പിനടിയിൽപ്പെട്ട് തകർന്നു. ആക്രമണത്തിൽ നാല് പൊലീസുകാർക്ക് പരുക്കേറ്റു. അക്രമിസംഘം ലഹരി ഉപയോഗിച്ചിരുന്നതായി പൊലീസ് അറിയിച്ചു.
സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.