ന്യൂഡല്‍ഹി: സോണിയ ഗാന്ധിയുടെ പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുത്ത ബി.ജെ.പി നേതാവും പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയുമായ ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്. വേദിയില്‍ വെച്ച് രാഹുല്‍ ഗാന്ധി തങ്ങളുടെ മുന്‍ നേതാവിനെ പ്രത്യേകമായി പരാമര്‍ശിക്കാനും മറന്നില്ല. മാതാപിതാക്കളായ സോണിയാജിയുടെയും രാജീവ് ഗാന്ധിയുടെയും ജീവിതത്തിലെ ഒരു സംഭവവുമായി ബന്ധപ്പെടുത്തിയാണ് രാഹുല്‍ അമരീന്ദര്‍ സിംഗിന്റെ പേര് പരാമര്‍ശിച്ചത്.
ഇതോടെ മുമ്പ് കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറിയ അമരീന്ദര്‍ പഴയ പാര്‍ട്ടിയിലേക്കു മടങ്ങാനുള്ള നീക്കമാണോ എന്ന് അഭ്യൂഹവും ശക്തമായിട്ടുണ്ട്. സോണിയ ഗാന്ധിയുടെ ആത്മകഥയായ 'ബിലോഗിങ്: എ ജേര്‍ണി ഓഫ് ലവ്' ഡല്‍ഹിയില്‍ നടന്ന ചടങ്ങിലാണ് അമരീന്ദര്‍ സിംഗ് മുന്‍നിരയില്‍ പങ്കെടുത്തത്. അഞ്ച് വര്‍ഷം മുമ്പ് കോണ്‍ഗ്രസുമായി തെറ്റിപ്പിരിഞ്ഞ് ബി.ജെ.പിയിലെത്തിയ അമരീന്ദര്‍, ഈ ചടങ്ങില്‍ പങ്കെടുത്ത ഏക ബി.ജെ.പി നേതാവായിരുന്നു.
മാതാപിതാക്കള്‍ തമ്മിലുണ്ടായ ഒരേയൊരു വാക്കുതര്‍ക്കത്തെക്കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് രാഹുല്‍ ഗാന്ധി അമരീന്ദര്‍ സിംഗിനെ ഓര്‍ത്തെടുത്തത്. ആ സമയത്ത് രാജീവ് ഗാന്ധി അമരീന്ദര്‍ സിംഗുമായി ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുകയാണെന്ന് രാഹുല്‍ പറഞ്ഞു.
കോണ്‍ഗ്രസിലേക്ക് തിരികെ പോകുമോ എന്ന ചോദ്യത്തിന്, ഇതൊരു സാമൂഹിക ചടങ്ങ് മാത്രമാണെന്നും രാഷ്ട്രീയവുമായി ഇതിന് ബന്ധമില്ലെന്നും 84 കാരനായ അമരീന്ദര്‍ സിംഗ് വ്യക്തമാക്കി.
തനിക്ക് ഗാന്ധി കുടുംബവുമായി വര്‍ഷങ്ങളായുള്ള ആത്മബന്ധമുണ്ടെന്നും, ആരും തന്നോട് പാര്‍ട്ടിയിലേക്ക് തിരികെ വരാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജീവ് ഗാന്ധിയുടെ സ്കൂള്‍ കാലം മുതലുള്ള സുഹൃത്താണ് അമരീന്ദര്‍ സിംഗ്. അദ്ദേഹമാണ് അമരീന്ദറെ കോണ്‍ഗ്രസിലേക്ക് കൊണ്ടുവന്നത്. അടുത്തിടെ ഒരു സമൂഹമാധ്യമ സംവാദത്തില്‍ രാഹുല്‍ ഗാന്ധി അമരീന്ദര്‍ സിംഗിനെ താന്‍ ഏറെ ഇഷ്ടപ്പെടുന്ന നേതാവായി വിശേഷിപ്പിച്ചിരുന്നു.
2021-ല്‍ പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ടി വന്നതിനെത്തുടര്‍ന്ന് കടുത്ത അമര്‍ഷത്തോടെയാണ് അമരീന്ദര്‍ കോണ്‍ഗ്രസ് വിട്ടത്. പിന്നീട് സ്വന്തം പാര്‍ട്ടി രൂപീകരിക്കുകയും, അത് വിജയിക്കാതെ വന്നതോടെ 2022 സെപ്റ്റംബറില്‍ അദ്ദേഹം ബി.ജെ.പിയില്‍ ചേരുകയുമായിരുന്നു. എന്നാല്‍, സോണിയ ഗാന്ധിയുമായുള്ള മുന്‍കാല വ്യക്തിപരമായ സൗഹൃദത്തിന്റെ പുറത്താണ് അദ്ദേഹം ഈ പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുത്തത്.