കണ്ണൂര്‍: പയ്യന്നൂര്‍ സഹകരണ വാരാഘോഷത്തിന്റെ ഉദ്ഘാടകനായി വി. കുഞ്ഞികൃഷ്ണന്‍ എം.എല്‍.എയെ ഒഴിവാക്കിയ വിവാദത്തില്‍ സംഘാടകര്‍ ഒടുവില്‍ തീരുമാനം തിരുത്തി. എം.എല്‍.എയെ തന്നെ ഉദ്ഘാടകനാക്കിക്കൊണ്ടുള്ള പുതിയ പോസ്റ്റര്‍ അധികൃതര്‍ പുറത്തിറക്കി. സഹകരണ വകുപ്പിന്റെ ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ് ഈ മാറ്റം. പരിപാടിയില്‍ എം.എല്‍.എയെയോ എം.പിയെയോ നിര്‍ബന്ധമായും പങ്കെടുപ്പിക്കണമെന്ന് കാണിച്ച് സഹകരണ വകുപ്പ് അഡീഷണല്‍ രജിസ്ട്രാര്‍ നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
തളിപ്പറമ്പ് സര്‍ക്കിള്‍ സഹകരണ യൂണിയന്റെ നേതൃത്വത്തില്‍ നാളെ പയ്യന്നൂരില്‍ വെച്ചാണ് പരിപാടി നടക്കുന്നത്. തുടക്കത്തില്‍ നഗരസഭാ ചെയര്‍മാന്‍ സരിന്‍ ശശിയെയായിരുന്നു ഉദ്ഘാടകനായി നിശ്ചയിച്ചിരുന്നത്. സി.പി.ഐ.എമ്മിന്റെ താല്‍പര്യപ്രകാരമാണ് എം.എല്‍.എയെ ഒഴിവാക്കിയതെന്ന തരത്തില്‍ വ്യാപകമായ വിമര്‍ശനങ്ങളും ആരോപണങ്ങളും ഉയര്‍ന്നുവന്നിരുന്നു. തളിപ്പറമ്പ് സര്‍ക്കിള്‍ സഹകരണ യൂണിയന്റെ നേതൃത്വത്തിലാണ് പയ്യന്നൂരില്‍ സഹകരണ വാരാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചത്.
സി.പി.ഐ.എം. മാത്രം വിജയിച്ചുപോന്ന പയ്യന്നൂര്‍ നിയമസഭാ മണ്ഡലത്തില്‍, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സി.പി.ഐ.എം. വിമതനായി മത്സരിച്ച് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി വിജയിച്ച ആളാണ് വി. കുഞ്ഞികൃഷ്ണന്‍. പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തി വന്‍ വിജയം നേടിയ അദ്ദേഹത്തോട് സി.പി.ഐ.എം. നേതൃത്വത്തിനുള്ള രാഷ്ട്രീയ എതിര്‍പ്പും അതൃപ്തിയുമാണ് ഇത്തരം ഔദ്യോഗിക പരിപാടികളില്‍ പോലും അദ്ദേഹത്തെ ബോധപൂര്‍വ്വം ഒഴിവാക്കാന്‍ കാരണം എന്ന ശക്തമായ ആരോപണം ഇതിനകം ഉയര്‍ന്നിരുന്നു.