മണ്ണന്തല രഞ്ജിത്ത് കൊലക്കേസ് : എല്ലാ പ്രതികളും കുറ്റക്കാരെന്ന് കോടതി ; ശിക്ഷ ഉടന്‍ വിധിക്കും

തിരുവനന്തപുരം: മണ്ണന്തല രഞ്ജിത് കൊലക്കേസില്‍ എല്ലാ പ്രതികളും കുറ്റക്കാര്‍. പ്രാദേശിക സി.പി.എം., ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരായ നേതാക്കള്‍ ഉള്‍പ്പെടെയുള്ള 12 പേരാണ് കേസില്‍ പ്രതികള്‍. 2008 ഒക്‌ടോബര്‍ 17 ന് പുലര്‍ച്ചെ 5.50 ന് രഞ്ജിത്തിനെ കാറിലെത്തിയ സംഘം ജോലി ചെയ്യുന്ന കടയില്‍ കയറി കുത്തിയും വെട്ടിയും കൊലപ്പെടുത്തിയെന്നാണ് കേസ്. തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയാണ് 12 പേരെയും കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.

നഗരങ്ങൾ കാണുക

രാഷ്ട്രീയ കൊലപാതകങ്ങളുടെ പരമ്പരയില്‍ തിരുവനന്തപുരം ജില്ലയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നാണ് മണ്ണന്തല രഞ്ജിത് വധക്കേസ്. ആര്‍ എസ് എസ് പ്രവര്‍ത്തകനായ രഞ്ജിത്ത് സി.പി.എം. പ്രവര്‍ത്തകന്‍ വഞ്ചിയൂര്‍ വിഷ്ണു കൊല്ലപ്പെട്ട കേസിലെ പ്രതിയായിരുന്നു. 2008 ഏപ്രില്‍ ഒന്നിനായിരുന്നു പാസ്പോര്‍ട്ട് ഓഫീസിന് മുന്നില്‍ വെച്ച് വിഷ്ണു കൊല്ലപ്പെട്ടത്. ഈ കൊലപാതകത്തിന് പ്രതികാരമായാണ് രഞ്ജിത്തിനെ വെട്ടിക്കൊന്നു എന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്. വിഷ്ണു വധക്കേസിലെ പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടിരുന്നു.

നഗരങ്ങൾ കാണുക

തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പറയുന്നത്. സംഭവം നടന്ന് ഏകദേശം 18 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ കേസില്‍ കോടതി അന്തിമ വിധി പ്രസ്താവിക്കുന്നത്. വിചാരണ വേളയില്‍ സാക്ഷികളെ സ്വാധീനിക്കാനുള്ള ശ്രമങ്ങള്‍ നടന്നതായി ആരോപണം ഉയര്‍ന്നതിനാല്‍ ഹൈക്കോടതി ഇടപെടലുകള്‍ ഉണ്ടായിരുന്നു. പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കുന്നെന്ന് പറഞ്ഞ് രഞ്ജിത്തിന്റെ അമ്മ ഹൈക്കോടതിയില്‍ എത്തിയിരുന്നു. അമ്പലമുക്ക് സ്വദേശി കൃഷ്ണകുമാറാണ് കേസിലെ ഒന്നാം പ്രതി.

Leave a Reply

Your email address will not be published. Required fields are marked *