ശ്രീനഗർ: ജമ്മു കാശ്‌മീരിലെ കുൽഗാമിൽ സിആർപിഎഫ് പോസ്റ്റിനുനേരെയുണ്ടായ ആക്രമണത്തിനുമുൻപ് ലഷ്‌കർ ഭീകരർ സ്ഥലം സന്ദർശിച്ചതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കുപ്രസിദ്ധ ലഷ്‌കർ ഭീകരൻ ലത്തീഫ് ഭട്ട്, ഇയാളുടെ കൂട്ടാളിയായ ഉമർ നിസാർ ദാർ എന്നിവർ സിആർപിഎഫ് പോസ്റ്റിന് സമീപമെത്തിയതിന്റെ ചിത്രങ്ങളാണ് പൊലീസ് പുറത്തുവിട്ടത്.
ഇന്നലെ ജമ്മു കാശ്‌മീരിലെ ലാരൂവിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ദാർ കൊല്ലപ്പെട്ടിരുന്നു. ലത്തീഫിനായുള്ള തെരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ് സംഘം. സുരക്ഷാസേനയെക്കണ്ട് ഇരുവരും ഒരു സ്‌കൂളിലേയ്ക്ക് ഓടിക്കയറിയിരുന്നു. തുടർന്ന് സ്‌കൂൾ കെട്ടിടത്തിൽ നിന്ന് വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും മറ്റ് ജീവനക്കാരെയും ഒഴിപ്പിച്ചു.
പിന്നീട് ഏറ്റുമുട്ടൽ നടന്ന സ്ഥലത്തുനിന്ന് ദാറിന്റെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. എന്നാൽ വെടിവയ്പ്പിനിടെ ലത്തീഫ് ഭട്ട് രക്ഷപ്പെട്ടു. ഇയാളെ പിടികൂടുന്നതനായി സൈന്യം, സിആർപിഎഫ്, പൊലീസ് എന്നിവരടങ്ങുന്ന സംയുക്ത സംഘം ഇപ്പോഴും പ്രദേശത്തെ ഗ്രാമങ്ങളും തോട്ടങ്ങളും വളഞ്ഞിരിക്കുകയാണ്.
നവംബർ 11നാണ് കുൽഗാമിലെ സിആർപിഎഫ് പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്കുനേരെ ബൈക്കിലെത്തിയ രണ്ടു ഭീകരർ വെടിയുതിർത്തത്. ഇതിന് തലേദിവസമാണ് ആക്രമണം നടത്തുന്നതിനായി കുൽഗാമിലെ വിവിധ കേന്ദ്രങ്ങൾ ദാറും ലത്തീഫും സന്ദർശിച്ചത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. ഭീകരർ എത്തിയ സ്ഥലങ്ങളിൽ മിർ ബസാർ, അഖ്രാൻ, ഹബ്ളിഷ്, കിലാം എന്നിവയും ഉൾപ്പെടുന്നു. സിആർപിഎഫ് ഉദ്യോഗസ്ഥരെ ആക്രമിച്ചതിനുശേഷം ഭീകരർ ഓടിരക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു.