ആലപ്പുഴയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; 26,000 വളർത്തുപക്ഷികളെ കൊന്നൊടുക്കും

ആലപ്പുഴ: ജില്ലയിൽ രണ്ട് ഗ്രാമപഞ്ചായത്തുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. അമ്പലപ്പുഴ നോർത്ത്, ചെന്നിത്തല ഗ്രാമപഞ്ചായത്തുകളിലാണ് പക്ഷിപ്പനി ബാധ കണ്ടെത്തിയത്. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രദേശങ്ങളിൽ 26,000 വളർത്തുപക്ഷികളെ കൊന്ന് നശിപ്പിക്കാൻ തീരുമാനിച്ചു.

രോഗം റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിൽനിന്ന് ശേഖരിച്ച സാമ്പിളുകൾ പരിശോധിച്ചതിലാണ് ഏവിയൻ ഇൻഫ്ലുവൻസയുടെ എച്ച്5എൻ1 (H5N1) വകഭേദം സ്ഥിരീകരിച്ചത്. രോഗബാധ കണ്ടെത്തിയ മേഖലകളിൽ ദ്രുതകർമസേനയുടെ നേതൃത്വത്തിൽ പക്ഷികളെ കൊന്നൊടുക്കുന്ന നടപടികൾ ഉടൻ ആരംഭിക്കും.

ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ ജില്ലാ കളക്ടർ ഷാജി വി. നായരുടെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ അടിയന്തര യോഗം ചേർന്നു. രോഗവ്യാപനം തടയുന്നതിനുള്ള തുടർനടപടികളും യോഗം വിലയിരുത്തി.

നിലവിൽ പക്ഷിപ്പനി മനുഷ്യരിലേക്ക് പടർന്നിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. എങ്കിലും രോഗവ്യാപന സാധ്യത കണക്കിലെടുത്ത് പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാനും രോഗബാധിത പ്രദേശങ്ങളിൽ നിരീക്ഷണം ശക്തമാക്കാനും നടപടികൾ സ്വീകരിക്കും.

Leave a Reply

Your email address will not be published. Required fields are marked *