ഡോക്‌ടറിൽ നിന്ന് പത്ത് ലക്ഷം രൂപ തട്ടി; ഡിസിസി അംഗം അറസ്റ്റിൽ, പിടിയിലായത് എകെജി സെന്റർ ആക്രമണക്കേസിലെ പ്രതി

തിരുവനന്തപുരം: ഡോക്‌ടറിൽ നിന്ന് പത്ത് ലക്ഷം രൂപ തട്ടിയെന്ന കേസിൽ തിരുവനന്തപുരം ഡിസിസി അംഗം സുഹൈൽ ഷാജഹാൻ അറസ്​റ്റിൽ. ഡോ. സബൈൻ ശിവദാസന്റെ പരാതിയിൽ പേട്ട പൊലീസാണ് സുഹൈൽ ഷാജഹാനെ അറസ്​റ്റ് ചെയ്തത്. എകെജി സെന്റർ ആക്രമണക്കേസിലെ പ്രതികൂടിയാണ് ഇയാൾ. പണം വാങ്ങാൻ എത്തിയപ്പോഴായിരുന്നു അറസ്റ്റ്.

കഴിഞ്ഞ ശനിയാഴ്ച ചങ്ങാതിക്കൂട്ടം എന്ന ചാനലിൽ ആശുപത്രിയെ സംബന്ധിച്ച് അപകീർത്തിപ്പെടുത്തുന്ന വാർത്ത വന്നിരുന്നുവെന്നും ഇത് പിൻവലിക്കണമെങ്കിൽ 10 ലക്ഷം രൂപ നൽകണമെന്ന് സുഹൈൽ ഷാജഹാൻ ഉൾപ്പെടുന്ന സംഘം ഭീഷണിപ്പെടുത്തിയെന്നാണ് ഡോ. സബൈൻ ശിവദാസന്റെ ആരോപണം. പണം നൽകാൻ ആദ്യം വിസമ്മതിച്ചതോടെ വീണ്ടും ബന്ധപ്പെടുകയായിരുന്നു. ഭയമായതോടെ ഒടുവിൽ പത്ത് ലക്ഷം രൂപ കൊടുക്കാമെന്ന് അറിയിക്കുകയും ചൊവ്വാഴ്‌ച വരാൻ ആവശ്യപ്പെടുകയുമായിരുന്നു.

ഇതിന് പിന്നാലെ ആശുപത്രിയെ സംബന്ധിച്ചുള്ള പോസ്​റ്റ് ചാനലിൽ നിന്ന് മാ​റ്റിയിരുന്നു. ചൊവ്വാഴ്ച പണം കൈമാറാൻ എത്തിയതോടെ പൂട്ടിയിടുകയും പൊലീസിനെ വിളിക്കുകയുമായിരുന്നു. കൊച്ചിയിലെ വിവാദമായ കാപ്പ കേസ് പ്രതികളുടെ യോഗം ഏകോപിപ്പിച്ചത് സുഹൈൽ ഷാജഹാൻ ആയിരുന്നു. കെ സുധാകരന്റെ വിശ്വസ്‌തൻ എന്നാണ് ഇയാൾ അറിയപ്പെടുന്നത്. കൊച്ചിയിലെ യോഗത്തിൽ സുധാകരൻ പങ്കെടുത്തത് വൻ വിവാദമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *