വോട്ടർമാരുടെ മതമോ ജാതിയോ സംബന്ധിച്ച വിവരങ്ങൾ സൂക്ഷിക്കാറില്ല; യോഗിയുടെ ആരോപണത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി

ലഖ്‌നൗ: വോട്ടർ പട്ടികയിൽനിന്ന് 1.27 കോടി ഹിന്ദു വോട്ടർമാരുടെ പേരുകൾ കാണാതായെന്ന ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആരോപണത്തിന് മറുപടിയുമായി സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ നവദീപ് റിൻവ. വോട്ടർമാരുടെ മതം, ജാതി എന്നിവ അടിസ്ഥാനമാക്കിയുള്ള വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ ശേഖരിക്കുകയോ സൂക്ഷിക്കുകയോ ചെയ്യാറില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

എസ്.ഐ.ആർ നടപടികൾക്കുശേഷം പ്രസിദ്ധീകരിച്ച വോട്ടർ പട്ടികയിലെ ക്രമക്കേടുകളെക്കുറിച്ച് മുഖ്യമന്ത്രി ഉന്നയിച്ച ആശങ്കകൾക്ക് മറുപടിയായാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ വിശദീകരണം. പഞ്ചായത്ത് തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിലുണ്ടായിരുന്ന 1.27 കോടിയോളം ഹിന്ദു വോട്ടർമാരുടെ പേരുകൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പട്ടികയിൽനിന്ന് ഒഴിവായെന്നാണ് യോഗി ആരോപിച്ചിരുന്നത്.

സർക്കാർ ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കളായ 55 ലക്ഷം ഹിന്ദുക്കളുടെയും 18-19 പ്രായപരിധിയിലുള്ള 4.5 ലക്ഷത്തോളം യുവവോട്ടർമാരുടെയും വിവരങ്ങൾ ഉൾപ്പെടെ 66 ലക്ഷത്തോളം പേരുടെ വിവരങ്ങൾ പട്ടികയിലില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. വോട്ടർ പട്ടികയിലെ അപാകതകളിൽ വ്യക്തത തേടി സംസ്ഥാന സർക്കാർ തെരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നൽകിയിട്ടുണ്ടെന്നും യോഗി വ്യക്തമാക്കിയിരുന്നു.

എന്നാൽ വോട്ടറുടെ പേര്, പിതാവിന്റെയോ പങ്കാളിയുടെയോ പേര്, വയസ്സ്, വീട്ടുനമ്പർ, ലിംഗഭേദം തുടങ്ങിയ വിവരങ്ങൾ മാത്രമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഡേറ്റാബേസിലുള്ളതെന്ന് നവദീപ് റിൻവ വിശദീകരിച്ചു. മതം, ജാതി എന്നിവ സംബന്ധിച്ച വിവരങ്ങൾ ഔദ്യോഗികമായി ശേഖരിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.

വോട്ടർ പട്ടിക പൊതുരേഖയായതിനാൽ മാധ്യമങ്ങളും സ്വതന്ത്ര നിരീക്ഷകരും പേരുകളുടെ അടിസ്ഥാനത്തിൽ വിവിധ വിശകലനങ്ങൾ നടത്താറുണ്ട്. എന്നാൽ അത്തരം വിശകലനങ്ങളെ തെരഞ്ഞെടുപ്പ് വകുപ്പിന്റെ ഔദ്യോഗിക കണക്കുകളായി കണക്കാക്കാനാവില്ലെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കി.

2027ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ചൊവ്വാഴ്ചയാണ് ഉത്തർപ്രദേശിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചത്. പട്ടികയിൽ 13.58 കോടി വോട്ടർമാരാണുള്ളത്. ഇതിൽ 7.38 കോടി പുരുഷന്മാരും 6.20 കോടി സ്ത്രീകളുമാണ്. ഏപ്രിൽ 10ന് പ്രസിദ്ധീകരിച്ച പട്ടികയുമായി താരതമ്യം ചെയ്യുമ്പോൾ 18.84 ലക്ഷം വോട്ടർമാരുടെ വർധനവുണ്ടായതായും അദ്ദേഹം അറിയിച്ചു.

2027 ജനുവരിയിലാണ് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുക. നവംബർ 17 മുതൽ ഡിസംബർ 16 വരെ കരട് പട്ടികയുമായി ബന്ധപ്പെട്ട പരാതികൾ സമർപ്പിക്കാം. ഫോം 6, 7, 8 എന്നിവ ഉപയോഗിച്ച് പുതിയ പേരുകൾ ചേർക്കാനും അനർഹമായ പേരുകൾ നീക്കം ചെയ്യാനും നിലവിലുള്ള വിവരങ്ങളിൽ തിരുത്തലുകൾ വരുത്താനും അവസരമുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *