തിരുവനന്തപുരം: സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകൾ മെറ്റ നീക്കം ചെയ്തത് സർക്കാർ നിർദേശപ്രകാരമാണെന്ന് നിയമസഭയിൽ വ്യക്തമാക്കി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇതോടെ പോസ്റ്റുകൾ നീക്കം ചെയ്യുന്നതിൽ സർക്കാരിന് പങ്കില്ലെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേരത്തെയുള്ള വാദം വീണ്ടും ചർച്ചയാകുന്നു.
നഗരങ്ങൾ കാണുക
മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരായതുൾപ്പെടെയുള്ള സാമൂഹിക മാധ്യമ പോസ്റ്റുകൾ നീക്കം ചെയ്തതുമായി ബന്ധപ്പെട്ട് സേവ്യർ ചിറ്റിലപ്പള്ളി എംഎൽഎ നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന് നൽകിയ മറുപടിയിലാണ് ആഭ്യന്തരമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
പോസ്റ്റുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മെറ്റയ്ക്ക് സർക്കാർ നോട്ടീസ് നൽകിയിരുന്നുവെന്നും മറുപടിയിൽ പറയുന്നു. എഡിറ്റ് ചെയ്ത വീഡിയോകളും മോർഫ് ചെയ്ത ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത് തടയുന്നതിനുള്ള നടപടിയുടെ ഭാഗമായാണ് നിർദേശം നൽകിയതെന്നാണ് സർക്കാരിന്റെ വിശദീകരണം.
ഇതിന്റെ ഭാഗമായി ആകെ 15,627 പോസ്റ്റുകൾ നീക്കം ചെയ്തതായാണ് നിയമസഭയിൽ നൽകിയ മറുപടിയിൽ വ്യക്തമാക്കുന്നത്. ലഭിച്ച 4,201 പരാതികളിൽ 3,472 എണ്ണത്തിൽ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രി അറിയിച്ചു.
അതേസമയം, സാമൂഹിക മാധ്യമ പോസ്റ്റുകൾ നീക്കം ചെയ്യുന്നത് സർക്കാരിന്റെ അറിവോടെയല്ലെന്നായിരുന്നു മുഖ്യമന്ത്രി നേരത്തെ സ്വീകരിച്ചിരുന്ന നിലപാട്. എന്നാൽ സർക്കാർ നിർദേശപ്രകാരമാണ് മെറ്റ പോസ്റ്റുകൾ നീക്കം ചെയ്തതെന്ന ആഭ്യന്തരമന്ത്രിയുടെ നിയമസഭാ മറുപടി രാഷ്ട്രീയരംഗത്ത് പുതിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്.