മെസിയുടെ പേരിൽ തട്ടിപ്പ്; ഷറഫലിയുടെ അക്കാഡമിക്ക് രണ്ട് കോടി രൂപ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി നൽകിയതായി കണ്ടെത്തൽ

തിരുവനന്തപുരം: മെസിയെ കേരളത്തിൽ കൊണ്ടുവരുമെന്ന വാഗ്ദാനം നൽകി തട്ടിപ്പ് നടത്തിയെന്ന ആരോപണത്തിൽ സംശയങ്ങൾക്കിടയാക്കുന്ന കൂടുതൽ രേഖകൾ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) ലഭിച്ചു. സ്‌പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റ് യു ഷറഫലിയുടെ അക്കാഡമിക്ക് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി രണ്ടുകോടി രൂപ നൽകിയതായി എസ്ഐടി കണ്ടെത്തി. സ്‌പോൺസർഷിപ്പ് തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ പ്രതിസ്ഥാനത്തുള്ളവരാണ് ഷറഫലിയും റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയും.

കലൂർ സ്റ്റേഡിയത്തിന്റെ വിവാദ കൈമാറ്റം നടന്ന ദിവസം തന്നെയാണ് ഷറഫലിയുടെ അക്കാഡമിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം എത്തിയതെന്നാണ് എസ്ഐടി പറയുന്നത്. സർക്കാരും അർജന്റീന ഫുട്ബോൾ അസോസിയേഷനും സ്‌പോൺസർമാരായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയും തമ്മിലുണ്ടാക്കിയെന്ന് പറയുന്ന കരാറിൽ സാക്ഷിയായി ഒപ്പിട്ടിരിക്കുന്നത് യു ഷറഫലിയാണ്. കരാറിൽ താൻ ഒരു സാക്ഷി മാത്രമായാണ് ഒപ്പിട്ടതെന്നും മറ്റ് തട്ടിപ്പുകളുമായി തനിക്ക് ബന്ധമില്ലെന്നുമാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിൽ ഷറഫലി നൽകിയ മൊഴി.

എന്നാൽ ഷറഫലിയുടെ അക്കാഡമിയിലേക്ക് പണം ലഭിച്ചതും സാക്ഷിയായി ഒപ്പിട്ടതും എസ്ഐടി സംശയത്തോടെയാണ് കാണുന്നത്. സ്റ്റേഡിയം കൈമാറിയ ദിവസം തന്നെയാണ് ഇത്തരത്തിൽ പണം കൈമാറിയതെന്നതും എസ്ഐടി സംശയത്തോടെയാണ് വീക്ഷിക്കുന്നത്. അതിനാൽ, ഷറഫലിയെ എസ്ഐടി വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കുമെന്നാണ് വിവരം. മുൻ കായിക മന്ത്രി വി അബ്‌ദുറഹിമാനെയും ചോദ്യം ചെയ്യലിനായി വിളിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *