ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചഹൽ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചു. ഭാരതീയ ജനതാ പാർട്ടിയിൽ (ബി.ജെ.പി) ഔദ്യോഗികമായി അംഗത്വമെടുത്ത താരത്തിന് പാർട്ടിയുടെ ഒ.ബി.സി മോർച്ച ദേശീയ നിർവാഹക സമിതിയിലാണ് ഇടം ലഭിച്ചിരിക്കുന്നത്.
രാഷ്ട്രീയ വാർത്ത
ബി.ജെ.പി ദേശീയ അധ്യക്ഷൻ നിതിൻ നവീന്റെ അനുമതിയോടെ ഒ.ബി.സി മോർച്ച ദേശീയ അധ്യക്ഷൻ അമർപാൽ മൗര്യയാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. ഡൽഹിയിൽ നിന്നുള്ള പ്രതിനിധിയായാകും ചഹൽ ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ പ്രവർത്തിക്കുക.
രാഷ്ട്രീയ വാർത്ത
കഴിഞ്ഞ ഒക്ടോബർ രണ്ടിന് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ ചഹൽ നിലവിൽ നിശ്ചിത ഓവർ ക്രിക്കറ്റിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഹരിയാനയ്ക്കായി കളിക്കുന്ന താരം, ഐ.പി.എല്ലിൽ പഞ്ചാബ് കിംഗ്സിന്റെ താരമാണ്. ഐ.പി.എൽ ചരിത്രത്തിലെ ഏറ്റവും മികച്ച വിക്കറ്റ് വേട്ടക്കാരൻ കൂടിയാണ് ചഹൽ.
2023 ഓഗസ്റ്റിന് ശേഷം ഇന്ത്യൻ ജഴ്‌സി അണിയാൻ സാധിച്ചിട്ടില്ലാത്ത ചഹൽ, ഏകദിന-ടി20 ടീമുകളിലേക്ക് തിരിച്ചെത്താനുള്ള കഠിനശ്രമത്തിലാണ്. ക്രിക്കറ്റ് മൈതാനത്തെ ഈ പോരാട്ടങ്ങൾക്കിടയിലാണ് പുതിയൊരു ഇന്നിംഗ്സ് എന്ന നിലയിൽ താരം രാഷ്ട്രീയ ഗോദയിലേക്കും ചുവടുവെക്കുന്നത്.
തന്നെ ബി.ജെ.പിയുടെ ഭാഗമാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പാർട്ടി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ, ഒ.ബി.സി മോർച്ച ദേശീയ അധ്യക്ഷൻ അമർപാൽ മൗര്യ എന്നിവർക്ക് താരം സോഷ്യൽ മീഡിയയിലൂടെ നന്ദി അറിയിച്ചു.