ചണ്ഡീഗഡ്: സ്ത്രീധനമായി ആവശ്യപ്പെട്ട വിലകൂടിയ കാർ ലഭിക്കാത്തതിനെത്തുടർന്ന് ഡൽഹി പൊലീസ് ഉദ്യോഗസ്ഥൻ വിവാഹത്തിൽ നിന്ന് പിന്മാറി. വിവാഹവേദിയിലെത്തിയ ശേഷം വധുവിനെയും കുടുംബത്തെയും അപമാനിച്ച് വരൻ മടങ്ങുകയായിരുന്നു. സംഭവത്തിൽ വധുവിന്റെ പിതാവ് സുഭാഷ് കുമാർ പൊലീസിൽ പരാതി നൽകി.
ആറുമാസം മുമ്പാണ് സുഭാഷ് കുമാറിന്റെ മകൾ ഹീനയും ഡൽഹി പൊലീസ് ഉദ്യോഗസ്ഥനായ കുൽദീപും തമ്മിലുള്ള വിവാഹം ഉറപ്പിച്ചത്. വിവാഹത്തിനായി 9.5 ലക്ഷം രൂപ വിലയുള്ള കാർ വധുവിന്റെ കുടുംബം നേരത്തെ ബുക്ക് ചെയ്തിരുന്നു. എന്നാൽ, വിവാഹത്തിന്റെ തലേദിവസം 13 ലക്ഷം രൂപ വിലമതിക്കുന്ന കാർ തന്നെ വേണമെന്ന് കുൽദീപ് നിർബന്ധം പിടിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നത്. ഇതോടെ ആദ്യം ബുക്ക് ചെയ്ത കാർ റദ്ദാക്കി പുതിയ കാറിനായി കുടുംബം അന്വേഷണം നടത്തിയെങ്കിലും, ചുരുങ്ങിയ സമയത്തിനുള്ളിൽ വാഹനം ലഭ്യമാക്കാൻ സാധിച്ചില്ല.
വിവാഹാലോചന ഉറപ്പിച്ചതു മുതൽ വരന്റെ വീട്ടുകാർ കാറിനും സ്വർണാഭരണങ്ങൾക്കുമായി കടുത്ത സമ്മർദം ചെലുത്തിയിരുന്നുവെന്ന് പിതാവ് ആരോപിച്ചു. വരന് രണ്ട് പവന്റെ സ്വർണമാല, അമ്മയ്ക്ക് നാല് പവന്റെ കമ്മൽ, വെള്ളി പാദസരങ്ങൾ എന്നിവയ്ക്ക് പുറമേ വരന്റെ സഹോദരനും ഭാര്യയ്ക്കും ആഭരണങ്ങൾ നൽകാമെന്നും വധുവിന്റെ വീട്ടുകാർ സമ്മതിക്കുകയും ഇതിനായി ഓർഡർ നൽകുകയും ചെയ്തിരുന്നു. 1.32 ലക്ഷം രൂപയുടെ ഫർണിച്ചറുകളും വീട്ടുപകരണങ്ങളും ഒരുക്കിയിരുന്നു. വിവാഹച്ചെലവുകൾക്കായി ആകെ 25 മുതൽ 30 ലക്ഷം രൂപ വരെ ചെലവഴിച്ചതായും പിതാവ് വ്യക്തമാക്കി.
വിവാഹദിവസം 1,200ഓളം അതിഥികൾക്കുള്ള വിഭവസമൃദ്ധമായ ഭക്ഷണം ഉൾപ്പെടെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായിരുന്നു. എന്നാൽ, സാധാരണ വേഷത്തിൽ അമ്മയ്ക്കൊപ്പമാണ് കുൽദീപ് വിവാഹവേദിയിൽ വന്നത്. എത്തിയ ഉടൻ കാർ എവിടെയെന്ന് അന്വേഷിക്കുകയും, കാർ എത്തിയിട്ടില്ലെന്ന് അറിഞ്ഞതോടെ ഇരുവീട്ടുകാരും തമ്മിൽ രൂക്ഷമായ വാക്കേറ്റമുണ്ടാവുകയും ചെയ്തു. തുടർന്ന് വരനും അമ്മയും വിവാഹത്തിൽ നിന്ന് പിന്മാറി മടങ്ങുകയായിരുന്നു.
വരന്റെ ഭാഗത്തുനിന്ന് 30പേർ മാത്രമാണ് ചടങ്ങിനെത്തിയത്. വരൻ മടങ്ങിയതോടെ വധുവിന്റെ ബന്ധുക്കളിൽ പലരും ഭക്ഷണം കഴിക്കാതെ മടങ്ങി. എംഎ ബിരുദധാരിയാണ് വധുവായ ഹീന. കുൽദീപിനും കുടുംബത്തിനുമെതിരെ കർശന നിയമനടപടി ആവശ്യപ്പെട്ട് സുഭാഷ് കുമാർ പൊലീസിൽ രേഖാമൂലം പരാതി നൽകി.