തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സ്വർണവില വർദ്ധിച്ചു. ഇന്ന് പവന് 1,080 രൂപയാണ് വർദ്ധിച്ചത്. ഇതോടെ സ്വർണവില പവന് 92,800 രൂപയായി. രാജ്യാന്തര വിപണിയിൽ സ്വർണവില ഉയർന്നതിന്റെ പ്രതിഫലനമാണിത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വർണവിലയിൽ വൻ ഇടിവ് ഉണ്ടായിരുന്നു. ഇതിനിടെ ഇന്ന് വീണ്ടും വില ഉയരുകയായിരുന്നു.
വിവാഹ സീസൺ അടുത്തിരിക്കെ സ്വർണവിലയിലുണ്ടാകുന്ന ഈ അപ്രതീക്ഷിത വർദ്ധനവ് സാധാരണക്കാരെയും ആഭരണപ്രേമികളെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. തുടർച്ചയായ വിലയിടിവ് കാരണം ഇനിയും വില കുറയുമെന്ന പ്രതീക്ഷയിലായിരുന്നു പലരും.
അതേസമയം, സ്വർണം പണയം വച്ചവർക്ക് ഇത് ആശ്വാസം നൽകുന്ന വാർത്തയാണ്. സ്വർണത്തിന്റെ മൂല്യം കുറഞ്ഞതോടെ ഉയർന്ന നിരക്കിൽ സ്വർണം പണയം വച്ചവർക്ക് ബാങ്കുകളിൽ നിന്ന് മെസേജുകളും കത്തും കിട്ടുന്നുണ്ടായിരുന്നു. വായ്പാ പരിധി കവിഞ്ഞതോടെ അധിക തുകയോ കൂടുതൽ സ്വർണമോ പണയത്തിലേക്ക് നൽകണമെന്നായിരുന്നു ബാങ്കുകളുടെ ആവശ്യം.