ചോദ്യംചെയ്യലിനിടെ പൊലീസുകാർ‌ക്ക്നേരെ യുവാവിന്റെ ആക്രമണം, അഞ്ച് പൊലീസുകാർക്ക് പരിക്ക്, മൂന്നുപേരുടെ നില ഗുരുതരം

ന്യൂഡൽഹി: ചോദ്യംചെയ്യലിന് ഹാജരായ യുവാവ് പൊലീസ് സ്റ്റേഷനിൽ അക്രമാസക്തനായി. യുവാവിന്റെ കത്തികൊണ്ടുള്ള കുത്തേറ്റ് അഞ്ച് പൊലീസുകാർക്ക് പരിക്കേറ്റു. ഇതിൽ മൂന്നുപേരുടെ നില ഗുരുതരമാണ്. ഡൽഹിയിൽ ജാമാമസ്‌ജിദ് പൊലീസ് സ്റ്റേഷനുള്ളിൽ ഇന്ന് ഉച്ചയ്‌ക്ക് 2.30ഓടെയായിരുന്നു സംഭവം. നബീൽ എന്ന യുവാവാണ് പൊലീസുകാരെ കത്തിയെടുത്ത് കുത്തിയത്.

മാതാവും സഹോദരിയുമായി നബീലിന് കുടുംബപ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതിൽ ചോദ്യംചെയ്യലിന് ഹാജരാകാനാണ് പൊലീസ് ആവശ്യപ്പെട്ടിരുന്നത്. ചോദ്യംചെയ്യലിനിടെ അക്രമാസക്തനായ നബീൽ കത്തിയെടുത്ത് പൊലീസുകാരുടെ മുഖത്തും കഴുത്തിലും കുത്തുകയായിരുന്നു. സംഭവത്തിൽ അഞ്ച് പൊലീസുകാരെ കുത്തിപരിക്കേൽപിച്ചശേഷം ഇയാൾ സ്റ്റേഷനിൽ നിന്ന് കടന്നുകളഞ്ഞു. ഇതിനായി ഒരു ബൈക്ക് മോഷ്‌ടിക്കുകയും ചെയ്‌തു. സെൻട്രൽ ഡിസ്‌ട്രിക്‌ട് ഓപ്പറേഷൻസ് യൂണിറ്റ് പൊലീസ് തുടർന്ന് അന്വേഷണം നടത്തുകയും അടുത്തൊരിടത്തുനിന്നും നബീലിനെ പിടികൂടുകയുമായിരുന്നു.

പിടികൂടാനെത്തിയ പൊലീസിനുനേരെയും നബീൽ അക്രമാസക്തനായി. ഇതോടെ പൊലീസ് ഇയാളുടെനേരെ വെടിവച്ചു. പരിക്കേറ്റ് വീണ നബീലിനെ ഇതോടെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പരിക്കേറ്റ പൊലീസുകാരെ സർ ഗംഗാറാം ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിച്ചു. ഇവരിൽ മൂന്നുപേരുടെ നില അതീവ ഗുരുതരമെന്ന് ഡോക്‌ടർമാർ അറിയിച്ചു. ഇവരെ വിദഗ്ദ്ധ ചികിത്സയ്‌ക്കായി മികച്ച സൗകര്യങ്ങളുള്ള മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. പ്രതിയെയും ഇതേ ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്‌‌തു.

Leave a Reply

Your email address will not be published. Required fields are marked *