ന്യൂഡല്‍ഹി: ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയില്‍ പ്രഭാഷണം നടത്തുന്നതിനായി ലണ്ടനിലേക്ക് പോകാനൊരുങ്ങിയ കോക്രോച്ച് ജനതാ പാര്‍ട്ടി സഹ-കണ്‍വീനര്‍ സൗരവ് ദാസിനെ ഡല്‍ഹി വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചതായി ആരോപണം. സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള അടിച്ചമര്‍ത്തല്‍ നടപടിയാണിതെന്ന് ആരോപിച്ച് സി.ജെ.പി രംഗത്തെത്തിയതോടെ സംഭവം വാര്‍ത്തകളില്‍ ഇടംപിടിച്ചു.
തിങ്കളാഴ്ച ലണ്ടനിലേക്ക് യാത്ര തിരിക്കാനെത്തിയപ്പോഴാണ് തന്നെ വിമാനത്താവളത്തില്‍ തടഞ്ഞതെന്ന് സൗരവ് ദാസ് വ്യക്തമാക്കി. പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് നരേന്ദ്ര മോദി സര്‍ക്കാര്‍ തന്നെ തടയുകയാണെന്ന് അദ്ദേഹം എക്സില്‍ കുറിച്ചു. 'ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയില്‍ പ്രഭാഷണം നടത്തുന്നതിനായി ലണ്ടനിലേക്ക് പോകുന്നതില്‍ നിന്ന് ഈ ഭീരുവായ മോദി സര്‍ക്കാര്‍ എന്നെ ഡല്‍ഹി വിമാനത്താവളത്തില്‍ തടഞ്ഞിരിക്കുന്നു.' പോസ്റ്റില്‍ ആരോപിച്ചു.
ഓക്സ്ഫോര്‍ഡ് യൂണിയനെ അഭിസംബോധന ചെയ്യാന്‍ സര്‍വ കലാശാല യാണ് സൗരവ് ദാസിനെ ക്ഷണിച്ചതെന്ന് സി.ജെ.പി വ്യക്തമാക്കി. വിദ്യാസമ്പന്നരുടെ ശബ്ദം സര്‍ക്കാര്‍ ഭയപ്പെടുന്നെന്നും, ഇന്ത്യയുടെ ശബ്ദം ലോകത്തിന് മുന്നിലെത്തിക്കുന്ന ഒരാളെയാണ് തടഞ്ഞതെന്നും പാര്‍ട്ടി ആരോപിച്ചു. ഓക്സ്ഫോര്‍ഡില്‍ നിന്നുള്ള ക്ഷണം ലഭിച്ചിട്ടും സമ്മേളനത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ദാസിനെ തടയുകയാണെന്ന് സി.ജെ.പി സ്ഥാപകന്‍ അഭിജീത് ദിപ്കെയും പ്രതികരിച്ചു.
സംഭവത്തില്‍ മോദി സര്‍ക്കാരിനെ പരിഹസിച്ചുകൊണ്ട് സി.ജെ.പി സഹ-കണ്‍വീനര്‍ അശുതോഷ് റാങ്കയും രംഗത്തെത്തി. പിടികിട്ടാപ്പുള്ളിയായ വ്യവസായി നീരവ് മോദിയുമായി താരതമ്യം ചെയ്തുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. 'നീരവ് മോദിയെ രാജ്യം വിടാന്‍ അനുവദിക്കുകയും സൗരവിന്റെ വിദേശയാത്ര തടയുകയും ചെയ്യാന്‍ ഈ ഭൂമിയിലെ ഏറ്റവും വലിയ ബുദ്ധിരാക്ഷസന്മാര്ക്ക് മാത്രമേ സാധിക്കൂ. എപ്പോഴത്തെയും പോലെ നന്ദി മോദി ജി,' അദ്ദേഹം കുറിച്ചു.
അതേസമയം, നടപടിയുടെ നിയമസാധുതയെ ചോദ്യം ചെയ്ത് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്രയും രംഗത്തെത്തി. 'ഇത് എങ്ങനെയാണ് നിയമപരമാകുന്നത്? എന്ത് അടിസ്ഥാനത്തിലാണ് ഈ നടപടി?' എന്ന് അവര്‍ ചോദിച്ചു.