ഉണ്ണിത്താന്‍-ഷാഫി പോര്: അനുനയ നീക്കവുമായി ഹൈക്കമാന്‍ഡ്; ഇരുനേതാക്കളുമായി കൂടിക്കാഴ്ച നടത്തി ദേശീയനേതൃത്വം

തിരുവനന്തപുരം: വിമര്‍ശനങ്ങള്‍ പരസ്യമായ ഏറ്റുമുട്ടലിലേക്ക് മാറിയതോടെ കോണ്‍ഗ്രസിലെ ആഭ്യന്തരകലാപം പരിഹരിക്കാന്‍ ഹൈക്കമാന്റ് ഇടപെടല്‍ വരുന്നു. എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷി ഷാഫിയും രാജ്‌മോഹന്‍ ഉണ്ണിത്താനുമായി ചര്‍ച്ചകള്‍ നടത്തി. തനിക്കെതിരേ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ തുടര്‍ന്നാല്‍ കുടുതല്‍ ശക്തമായി രംഗത്ത് വരുമെന്ന രാജ്‌മോഹന്‍ ഉണ്ണിത്താന്റെ ഭീഷണിയില്‍ ഈ വിഷയങ്ങളില്‍ തുടര്‍ചര്‍ച്ചകള്‍ ആകാമെന്ന് ദീപ ദാസ് മുന്‍ഷി ഉറപ്പ് നല്‍കിയിട്ടുമുണ്ട്.

മാപ്പുകൾ കാണുക

ഉണ്ണിത്താന്‍ പരസ്യ വിമര്‍ശനം തുടരുന്നത് പാര്‍ട്ടിക്ക് വലിയ തിരിച്ചടിയാകുമെന്ന ആശങ്കയിലാണ് കെപിസിസി നേതൃത്വം. ദേശീയനേതൃത്വത്തിന് പുറമേ തര്‍ക്കം അവസാനിപ്പിക്കാന്‍ ഇരുനേതാക്കളോട് സംസ്ഥാന നേതൃത്വവും ആവശ്യപ്പെട്ടു. കെപിസിസി അധ്യക്ഷന്‍ സണ്ണിജോസഫും രാജ്മോഹന്‍ ഉണ്ണിത്താനുമായി കൂടിക്കാഴ്ച നടത്തി പരസ്യപ്രസ്ഥാവന ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. തനിക്കെതിരേ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ ഇന്നലെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പൊട്ടിത്തെറിച്ചതോടെയാണ് വിഷയം കൂടുതല്‍ ഗൗരവതരമായത്. ഷാഫി പറമ്പിലിന് വേണ്ടി രാഹുല്‍ മാങ്കൂട്ടത്തില്‍ നടത്തുന്ന നടപടികളാണ് സൈബര്‍ ആക്രമണമെന്നാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്റെ വാദം.

പരസ്യ പ്രസ്താവനകള്‍ ഒഴിവാക്കണമെന്ന നേതൃത്വത്തിന്റെ ആവശ്യത്തിന് വഴങ്ങണമെങ്കില്‍ ചില നടപടികള്‍ വേണമെന്ന കര്‍ശന നിലപാടിലാണ് രാജ്മോഹന്‍ ഉണ്ണിത്താന്‍. യോഗത്തിലെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കി തനിക്കെതിരെ സൈബര്‍ ആക്രമണത്തിന് വഴിയൊരുക്കിയ കാസര്‍കോട് ഡിസിസി അധ്യക്ഷനെതിരെ നടപടി വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സാമൂഹ്യമാധ്യമങ്ങളിലൂടെ തന്നെ അധിക്ഷേപിച്ച കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്നും ഉണ്ണിത്താന്‍ ആവശ്യപ്പെടുന്നു.

ഹൈക്കമാന്‍ഡ് അനുനയ ശ്രമങ്ങള്‍ നടത്തുമ്പോഴും സൈബര്‍ ആക്രമണം തുടര്‍ന്നാല്‍, തന്റെ ഡയറിയിലുള്ള വിവരങ്ങളും ഷാഫി പറമ്പിലിനെതിരായ തെളിവുകളും പരസ്യപ്പെടുത്തുമെന്ന മുന്നറിയിപ്പ് ഉണ്ണിത്താന്‍ നല്‍കിയിട്ടുണ്ട്. ഉണ്ണിത്താന്റെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ കൂടുതല്‍ യുവനേതാക്കള്‍ ഷാഫി പറമ്പിലിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. ഉമ്മന്‍ചാണ്ടിയുമായി നില്‍ക്കുന്ന ഷാഫിയുടെ ചിത്രങ്ങള്‍ ഉള്‍പ്പെടെ പോസ്റ്റ് ചെയ്താണ് പലരും പ്രതികരിക്കുന്നത്. ഉണ്ണിത്താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് ഷാഫി കൃത്യമായ മറുപടി നല്‍കണമെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവരുടെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *