തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഗുരുതര അനാസ്ഥ ; ശുചിമുറിയില്‍ രോഗി മരിച്ചുകിടന്നത് 36 മണിക്കൂര്‍

തൃശൂര്‍: മെഡിക്കല്‍ കോളജിലെ ശുചിമുറിയില്‍ രോഗി മരിച്ചുകിടന്നത് 36 മണിക്കൂര്‍. നാലുദിവസം മുന്‍പ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത മാക്കൂട്ടി റാവുത്തര്‍ എന്ന രോഗിയാണ് മരിച്ചത്. 77 വയസ്സായിരുന്നു.

ഇയാളെ വാര്‍ഡില്‍ നിന്ന് കാണാതായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇന്നലെ നടത്തിയ തിരച്ചിലിലാണ് ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ അഡ്മിറ്റ് ചെയ്ത രോഗിയെ പത്തൊന്‍പതിനാണ് കാണാതായത്. തുടര്‍ന്ന് ഇയാളെ കാണാനില്ലെന്ന് കാട്ടി മെഡിക്കല്‍ കോളജ് അധികൃതര്‍ പോലീസില്‍ പരാതി നല്‍കി. മാക്കൂട്ടിക്കൊപ്പം കൂട്ടിരിപ്പുകാരായി ആരും ഉണ്ടായിരുന്നില്ല. 21-ാം തീയതിയിലെ പരിശോധനയില്‍ ഒരു ബാത്ത്റൂം പൂട്ടിയ നിലയില്‍ കണ്ടെത്തിയിരുന്നു. അത് തുറന്നുനോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

പോസ്റ്റ്മോര്‍ട്ടത്തിലാണ് മരണം കഴിഞ്ഞ് 36 മണിക്കൂര്‍ ആയെന്ന് സ്ഥിരീകരിച്ചത്. ഗുരുതരമായ അനാസ്ഥയാണ് തൃശൂര്‍ മെഡിക്കല്‍ കോളജ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായത്. നേരത്തെ തന്നെ ആശുപത്രിയിലെ ശുചിമുറിയിലെ വൃത്തിയില്ലായ്മ രോഗികള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. പ്രശ്‌നം ഉടന്‍ പരിഹരിക്കാമെന്ന് സൂപ്രണ്ട് ഉറപ്പുനല്‍കുകയും ചെയ്തിരുന്നെങ്കിലും നടപടിയായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *