കറന്റ് പോയതിന് കെഎസ്ഇബി ഓഫീസിലേക്ക് പലതവണ വിളിച്ചു; പ്രകോപിതരായ ജീവനക്കാര്‍ വീട്ടിലെത്തി മര്‍ദ്ദിച്ചതായി പരാതി

പാലക്കാട്: കെഎസ്ഇബി ജീവനക്കാര്‍ വീട്ടില്‍ കയറി ദമ്പതികളെ മര്‍ദ്ദിച്ചതായി പരാതി. പാലക്കാട് ഒറ്റപ്പാലത്താണ് സഭവം. കയമ്പാറ മൂര്‍ക്കനാട് വീട്ടില്‍ ജേക്കബ് ( 56), ഭാര്യ ലത ( 54) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് മൂന്നുമണിയോടെയാണ് സംഭവം. ഇരുവരും ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

കറന്റ് വരാത്തത് എന്താണെന്ന് ചോദിച്ച് പലതവണ കെഎസ്ഇബി ഓഫീസിലേക്ക് ഫോണില്‍ ബന്ധപ്പെട്ടതാണ് പ്രകോപനത്തിന് കാരണമെന്നാണ് പരിക്കേറ്റ ജേക്കബ് പറയുന്നത്.

ജേക്കബിന്റെ വീട്ടില്‍ ഒരു കിടപ്പ് രോഗിയുണ്ട്. ഉച്ചയ്ക്ക് മുന്‍പ് പോയ കറന്റ് എപ്പോള്‍ വരുമെന്ന് ചോദിച്ച് ആദ്യം കെഎസ്ഇബി ഓഫീസില്‍ ബന്ധപ്പെട്ടു. 10 മിനിറ്റിനുള്ളില്‍ വരുമെന്ന് മറുപടി ലഭിച്ചു. 20 മിനിട്ട് കഴിഞ്ഞിട്ടും വരാതായതോടെ വീണ്ടും വിളിച്ചു. ഫോണ്‍ എടുക്കാതെ ആയപ്പോള്‍ തുടരെത്തുടരെ ബന്ധപ്പെട്ടുവെന്നും അതില്‍ ജീവനക്കാര്‍ പ്രകോപിതരായെന്നും പിന്നാലെ ഇവര്‍ വീട്ടിലെത്തുകയായിരുന്നുവെന്നും ജേക്കബ് പറയുന്നു.സംഭവത്തില്‍ ഒറ്റപ്പാലം പോലീസില്‍ കുടുംബം പരാതി നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *