എസ്‌.എന്‍. ട്രസ്‌റ്റ് തെരഞ്ഞെടുപ്പ്‌: വെള്ളാപ്പള്ളി പാനലിന്‌ സമ്പൂര്‍ണ വിജയം

ചേര്‍ത്തല: എസ്‌.എന്‍. ട്രസ്‌റ്റ് ഡയറക്‌ടര്‍ ബോര്‍ഡ്‌ തെരഞ്ഞെടുപ്പില്‍ വെള്ളാപ്പള്ളി നടേശന്‍ നയിച്ച ഔദ്യോഗിക പാനലിന്‌ സമ്പൂര്‍ണ വിജയം. മൂന്ന്‌ (ഡി ) കാറ്റഗറി വിഭാഗത്തില്‍നിന്നുള്ള പ്രതിനിധികളുടെ തെരഞ്ഞെടുപ്പിലും വെള്ളാപ്പള്ളി പാനല്‍ തിളക്കമാര്‍ന്ന വിജയം നേടി. അസാധുവിനേക്കാളും കുറവായി വോട്ട്‌ ലഭിച്ച എതിരാളികള്‍ക്ക്‌ കെട്ടിവച്ച കാശ്‌ നഷ്‌ടപ്പെട്ടു.

5000 ത്തിനും ഒരു ലക്ഷത്തിനും ഇടയില്‍ നല്‍കി ട്രസ്‌റ്റില്‍ അംഗത്വമെടുത്ത 2706 പേരില്‍നിന്ന്‌ 270 ഡയറക്‌ടര്‍ ബോര്‍ഡ്‌ അംഗങ്ങളെയാണ്‌ തെരഞ്ഞെടുക്കേണ്ടിയിരുന്നത്‌. ചേര്‍ത്തല എസ്‌.എന്‍. കോളജില്‍ ചൊവ്വാഴ്‌ച നടന്ന തെരഞ്ഞെടുപ്പില്‍ 1415 പേര്‍ വോട്ട്‌ ചെയ്‌തു. വെള്ളാപ്പള്ളി പാനലിനെതിരേ ആറ്‌ പേരാണ്‌ മത്സരിച്ചത്‌. ഇവര്‍ക്ക്‌ നാമമാത്ര വോട്ടുകളാണ്‌ ലഭിച്ചത്‌.

വെള്ളാപ്പള്ളി പാനലിലെ സ്‌ഥാനാര്‍ഥികള്‍ക്ക്‌ 1345 വോട്ടു കള്‍ ലഭിച്ചു. 50 വോട്ട്‌ അസാധുവായി. മറ്റുള്ളവര്‍ക്ക്‌ 47 വോട്ടാണ്‌ ലഭിച്ചത്‌. ഇതോടെ എസ്‌.എന്‍.ട്രസ്‌റ്റ് ഡയറക്‌ടര്‍ ബോര്‍ഡില്‍ തെരഞ്ഞെടുക്കപ്പെട്ട 1027 പേരും വെള്ളാപ്പള്ളി പക്ഷക്കാരായി. എതിര്‍ പക്ഷത്തുനിന്ന്‌ ഒരാള്‍ക്ക്‌ പോലും വിജയിക്കാനായില്ല.

മത്സരം നടന്ന നങ്ങ്യാര്‍കുളങ്ങരയിലും വര്‍ക്കലയിലും ചേര്‍ത്തലയിലും കോഴിക്കോടും കണ്ണൂരും തൃശൂരും കൊല്ലത്തും വെള്ളാപ്പള്ളി പാനല്‍ തൂത്തു വാരി. ട്രസ്‌റ്റിലെ വിദഗ്‌ധ അംഗങ്ങളുടെ തെരഞ്ഞെടുപ്പ്‌ ഡിസംബര്‍ 17നും നടക്കും. ഡിസംബര്‍ 19നാണ്‌ എസ്‌.എന്‍. ട്രസ്‌റ്റ് ഭാരവാഹികളുടെ തെരഞ്ഞെടുപ്പ്‌. 30 വര്‍ഷത്തിലധികമായി വെള്ളാപ്പള്ളി നടേശനാണ്‌ എസ്‌.എന്‍ ട്രസ്‌റ്റിന്റെ സെക്രട്ടറി.

Leave a Reply

Your email address will not be published. Required fields are marked *