ചെന്നൈ: സുപ്രീം കോടതി നിർദേശിച്ചിട്ടും തിരുപ്പരൻകുണ്ഡ്രം മലമുകളിലെ ദീപത്തൂണിൽ വിളക്ക് തെളിയിക്കാത്തതിൽ വിശദീകരണം തേടി തമിഴ്നാട് ഗവർണർ രാജേന്ദ്ര അർലേക്കർ മുഖ്യമന്ത്രി സി. ജോസഫ് വിജയ്ക്ക് കത്തയച്ചു. മലമുകളിലെ ദീപത്തൂൺ ഒഴിവാക്കി ഉച്ചി പിള്ളയാർ ക്ഷേത്രത്തിന് സമീപത്തെ ദീപമണ്ഡപത്തിൽ വിളക്ക് തെളിച്ചതിന്റെ കാരണം വ്യക്തമാക്കണമെന്നാണ് ഗവർണറുടെ ആവശ്യം.
ഭരണഘടനയുടെ 167(ബി) അനുച്ഛേദം പ്രകാരമാണ് ഗവർണർ വിശദീകരണം തേടിയതെന്നാണ് റിപ്പോർട്ടുകൾ. ഗവർണർ ആവശ്യപ്പെടുന്ന സാഹചര്യങ്ങളിൽ സംസ്ഥാന ഭരണനിർവഹണവും നിയമനിർമാണ നിർദേശങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ മുഖ്യമന്ത്രി ലഭ്യമാക്കണമെന്ന് ഈ ഭരണഘടനാ വ്യവസ്ഥ അനുശാസിക്കുന്നു.
കാർത്തിക ദീപോത്സവത്തിന്റെ ഭാഗമായി നവംബർ 24നാണ് മധുരയ്ക്ക് സമീപമുള്ള തിരുപ്പരൻകുണ്ഡ്രത്തിലെ ഉച്ചി പിള്ളയാർ ക്ഷേത്രത്തിന് സമീപത്തെ ദീപമണ്ഡപത്തിൽ ആചാരപരമായ ദീപം തെളിച്ചത്.
സുപ്രീം കോടതി പ്രത്യേക അനുമതി നൽകിയതിനെത്തുടർന്ന് മലമുകളിലെ ദീപത്തൂണിൽ വിളക്ക് തെളിയിക്കേണ്ടതായിരുന്നുവെന്നിരിക്കെ പതിവ് ആചാരപ്രകാരമുള്ള സ്ഥലത്ത് മാത്രം ദീപം തെളിച്ചതാണ് വിവാദത്തിന് വഴിവെച്ചത്. സംഭവത്തിൽ സംസ്ഥാന സർക്കാരിന്റെ നിലപാടും ദീപത്തൂണിൽ വിളക്ക് തെളിയിക്കാതിരുന്നതിന്റെ കാരണവും അറിയാനാണ് ഗവർണർ വിശദീകരണം തേടിയിരിക്കുന്നത്.