ന്യൂഡൽഹി: പാകിസ്ഥാനും മറ്റ് അതിർത്തി രാജ്യങ്ങൾക്കും തങ്ങളുടെ സാമ്പത്തിക, സൈനിക സഹായങ്ങൾ അടുത്തിടെ ചൈന ധാരാളമായി നൽകിവരുന്നുണ്ട്. ലോകസാമ്പത്തിക ശക്തിയായി ഇന്ത്യ മുന്നോട്ടുവരുന്നത് തടയാനാണ് ചൈന പലതരത്തിൽ ശ്രമിക്കുന്നത്. ഇത്തരത്തിൽ ബംഗ്ളാദേശിലേക്ക് 405 ടൺ സോഡിയം പെർക്ളോറൈഡുമായി ആഫ്രിക്കൻ രാജ്യമായ കൊമോറോസിന്റെ പതാക വഹിക്കുന്ന ഒരു കപ്പൽ ഇന്തോനേഷ്യൻ നാവികസേന പിടികൂടിയിരുന്നു. ചൈനയിൽ നിന്നായിരുന്നു ഇവ ബംഗ്ളാദേശിലേക്ക് പോയത്. റോക്കറ്റുകളിലും മിസൈലിന്റെ പ്രൊപ്പല്ലന്റിലും ഉപയോഗിക്കുന്ന വസ്തുവാണ് സോഡിയം പെർക്ളോറൈഡ്.
ചൈനയും മറ്റുരാജ്യങ്ങളും സമുദ്ര മേഖലയിൽ വരുത്തുന്ന ഭീഷണി നേരിടാൻ പുതിയ നടപടിയിലേക്ക് കടക്കുകയാണ് ഇന്ത്യ. നിലവിൽ ഇവിടെ ഉപയോഗിക്കുന്ന ചേതക്, ചീറ്റ എന്നിങ്ങനെ കാലപ്പഴക്കമുള്ള ഹെലികോപ്റ്ററുകൾ മാറ്റി പകരം 76 പുതിയ യൂട്ടിലിറ്റി ഹെലികോപ്റ്ററുകൾ ഇന്ത്യ സ്വന്തമാക്കാൻ ആലോചിക്കുകയാണ്.
15000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി നാവിക സേനയ്ക്കും കോസ്റ്റ് ഗാർഡിനുമായാണ്. നാവികസേനയ്ക്ക് 51 ഹെലികോപ്റ്ററുകളും കോസ്റ്റ്ഗാർഡിന് 25 ഹെലികോപ്റ്രറുകളുമാണ് ലഭിക്കുക. ആത്മനിർഭർ ഭാരത് പദ്ധതിയനുസരിച്ച് വിദേശ കമ്പനികളുമായി ചേർന്ന് ഇന്ത്യൻ കമ്പനികൾ ഇവ നിർമ്മിക്കുമെന്നാണ് സൂചന. പ്രതിരോധ മന്ത്രാലയത്തിന്റെ ഉന്നതതല യോഗത്തിൽ ഇത് ഉടൻ ചർച്ചയ്ക്കെടുക്കും.
ഈ ഹെലികോപ്റ്ററുകൾക്ക് പുറമേ 400 ലൈറ്റ് ഹെലികോപ്റ്റർ വാങ്ങാനും പദ്ധതി പരിഗണനയിലുണ്ട്. 200 എണ്ണം ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡും (എച്ച്എഎൽ) 200 എണ്ണം സ്വകാര്യ ഇന്ത്യൻ കമ്പനികളുമായി ചേർന്ന് നിർമ്മിക്കാനുമാണ് ലക്ഷ്യമിടുന്നത്. സ്വകാര്യ കമ്പനികളുമായി ചേർന്ന് നിർമ്മിക്കുന്ന 200 എണ്ണത്തിനും പ്രതിരോധ സംഭരണ കൗൺസിൽ അംഗീകാരം ലഭിച്ചിട്ടുണ്ട്.
രാജ്യത്തെ സിയാച്ചിൻ മുതൽ അരുണാചൽ പ്രദേശ് വരെയുള്ള മേഖലകളിൽ അതിർത്തികളിലെ നിരീക്ഷണം, രഹസ്യാന്വേഷണം എന്നിവയ്ക്കും സമുദ്ര മേഖലയിലെ തിരച്ചിൽ, നിരീക്ഷണം, രക്ഷാപ്രവർത്തനം എന്നിവയ്ക്കും ഹെലികോപ്റ്ററുകൾ ആവശ്യമുണ്ട്. രാജ്യത്തെ കര, വ്യോമ,നാവിക സേനകൾക്കായി 500 ലൈറ്റ് ഹെലികോപ്റ്ററുകൾ വേണമെന്നാണ് കണക്ക്. ഇവയ്ക്ക് പുതിയതായി എത്തുന്ന ഹെലികോപ്റ്ററുകൾ മുതൽകൂട്ടാകും എന്നാണ് പ്രതീക്ഷ.