ചെറിയ പായ്‌ക്കറ്റുകളിലാക്കി അഞ്ച്‌ കോടി വിലവരുന്ന ചരസ്, വിൽപനയ്‌‌ക്ക്‌ കൊച്ചിയിലേക്ക് വരികയായിരുന്ന യുവാവ് പിടിയിൽ

നെടുമ്പാശേരി: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നെടുമ്പാശേരിയിലെ ഹോട്ടലിൽ നടത്തിയ പരിശോധനയിൽ അഞ്ചു കോടിയോളം രൂപ വിലവരുന്ന മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ. കാസർകോട് നീലേശ്വരം ചിറപ്പുറത്ത് വെള്ളിക്കോത്ത് മുഹമ്മദ് സിറാജുദ്ദീനെയാണ് (25) അറസ്റ്റു ചെയ്തത്. എറണാകുളം റൂറൽ ജില്ലാ ഡാൻസാഫും നെടുമ്പാശേരി പൊലീസും രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രണ്ടര കിലോ ചരസുമായി പ്രതിയെ പിടികൂടിയത്.

ഡൽഹിയിൽ നിന്ന് ചരസ് വാങ്ങിയ സിറാജുദ്ദീൻ മംഗലാപുരം വരെ വിമാനത്തിലെത്തുകയും തുടർന്ന് ട്രെയിനിൽ തൃശൂരിൽ എത്തുകയുമായിരുന്നു. അവിടെ നിന്ന് ടാക്സിയിൽ നെടുമ്പാശേരിയിലെത്തി ഹോട്ടലിൽ മുറിയെടുക്കുകയായിരുന്നു. ചെറിയ പായ്ക്കറ്റുകളിലാക്കിയിരുന്ന ചരസ് കൊച്ചിയിലേക്ക് കടത്താനായിരുന്നു പദ്ധതിയെന്ന് പൊലീസ് അറിയിച്ചു. കഞ്ചാവിന്റെ തളിരില കൊണ്ട് നിർമ്മിച്ച വീര്യമേറിയ ചരസാണ് പിടികൂടിയത്. മുമ്പും സിറാജുദ്ദീൻ മയക്കുമരുന്ന് കടത്തിയിട്ടുണ്ടെന്നാണ് വിവരം. ഡാൻസാഫ് ടീം, നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി സി. ബിനുകുമാർ, ആലുവ ഡിവൈ.എസ്.പി ബൈജു പൗലോസ്, സബ് ഇൻസ്‌പെക്ടർമാരായ ടി.എസ്. അഭിജിത്, എ.സി ബിജു, കെ.പി. വിജു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *