ഇന്ത്യയും ചൈനയും ഉൾപ്പെടെ 14 രാജ്യങ്ങൾക്ക് അധിക ഇറക്കുമതി തീരുവ ചുമത്താൻ അമേരിക്ക,​ ഇന്ത്യക്ക് 25 ശതമാനം താരിഫ്

വാഷിംഗ്‌ടൺ: ഇന്ത്യയുൾപ്പെടെ 14 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് പുതിയ തീരുവ പ്രഖ്യാപിച്ച് അമേരിക്ക. ഇന്ത്യയിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് 25 ശതമാനം വരെയും ചൈനയിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് 40 ശതമാനം വരെയും യൂറോപ്യൻ യൂണിയൻ,​ ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾക്ക് 20 ശതമാനം വരെയും അധിക തീരുവ ഏർപ്പെടുത്താനാണ് ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം. ആഗോള വ്യാപാര രംഗത്തെ അമിത വ്യാവസായിക ഉത്പാദന ശേഷി പരിഹരിക്കുന്നതിന്റെ ഭാഗമായി 14 വ്യാപാര പങ്കാളികൾക്ക് മേൽ തീരുവ ചുമത്താനാണ് അമേരിക്ക ലക്ഷ്യമിടുന്നത്. ഇലക്ട്രിക് വാഹനങ്ങൾ,​ സോളാർ ഉത്പന്നങ്ങൾ എന്നിവ കുറഞ്ഞ നിലയ്ക്ക് ആഗോള വിപണിയിൽ എത്തിച്ച് ചൈന വിപണി തകർക്കുന്നുവെന്ന് ആരോപിക്കുന്ന ട്രംപ് ചൈനയ്ക്ക് മേൽ ഉയർന്ന നിരക്കിലുള്ള തീരുവയാണ് നിർദ്ദേശിച്ചിരിക്കുന്നത്.

ബംഗ്ലാദേശ്,​ കമ്പോഡിയ,​ യൂറോപ്യൻ യൂണിയൻ,​ ഇന്ത്യ,​ ഇന്തോനേഷ്യ,​ ജപ്പാൻ,​ ദക്ഷിണ കൊറിയ,​ മലേഷ്യ. സിംഗപ്പൂർ,​ സ്വിറ്റ്‌സർലൻഡ്,​ തായ്‌വാൻ,​ തായ്‌ലൻഡ്,​ വിയറ്റ്നാം എന്നീ രാജ്യങ്ങൾക്ക് മേലാണ് പുതിയ തീരുവ നിർദ്ദേശിച്ചിരിക്കുന്നത്. മെക്സിക്കോയെയും നോർവെയെയും തത്കാലം ഒഴിവാക്കിയിട്ടുണ്ട്.

എന്നാൽ അമിതമായ വ്യാവസായിക ഉത്പാദനമെന്ന അമേരിക്കയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്നാണ് ചൈനയുടെ നിലപാട്. ഇതിന്റെ പേരിൽ രാഷ്ട്രീയ സമ്മർദ്ദം ചെലുത്താനുള്ള നീക്കങ്ങളെ അംഗീകരിക്കില്ലെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഗുവോ ജിയോകുൻ പറഞ്ഞു. അതേസമയം നേരത്തെ വിവിധ രാജ്യങ്ങളുമായി ട്രംപ് ഭരണകൂടം ഉണ്ടാക്കിയ വ്യാപാര കരാറുകളിലെ തീരുവ പരിധി മറികടക്കില്ലെന്നാണ് അമേരിക്കയുടെ വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *