മുംബയ് : വരുന്ന ഐ.പി.എൽ സീസണിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങാൻ സാദ്ധ്യതയുള്ള താരത്തെ പ്രവചിച്ച് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ഇന്ത്യയുടെ കൗമാരതാരം വൈഭവ് സൂര്യവംശിക്ക് ഐ.പപി.എൽ ലേലത്തിൽ 40 കോടി വരെ ലഭിക്കാൻ സാദ്ധ്യതയുണ്ടെന്നാണ് ആകാശ് ചോപ്ര യുട്യൂബ് വീഡിയോയിൽ പറഞ്ഞത്. റൈസിംഗ് സ്റ്റാർസ് ഏഷ്യാ കപ്പിൽ യു.എ.ഇക്കെതിരെ വൈഭവ് റെക്കോഡ് ഇരട്ട സെഞ്ച്വറി നേടിയതിന് പിന്നാലെയാണ് ചോപ്രയുടെ പ്രതികരണം. ഭാവിയിലെ ഐ.പി.എൽ ലേലത്തിലോ റീട്ടെൻഷനിലോ 40 കോടി വരെ വൈഭവിന് ലഭിക്കാൻ സാദ്ധ്യയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഐ.പി.എൽ ചരിത്രത്തിലെ തന്നെ ഏറ്റവും വിലയേറിയ താരമായി വൈഭവ് മാറിയേക്കാമെന്നും ആകാശ് ചോപ്ര കൂട്ടിച്ചേർത്തു.
വൈഭവ് ഐ.പി.എൽ ലേലത്തിൽ വന്നാൽ, അല്ലെങ്കിൽ നിലനിറുത്തുന്നതിനെ കുറിച്ച് ചർച്ചകൾ നടക്കുന്നുണ്ടെങ്കിൽ അവനായിരിക്കും ഏറ്റവും വിലയേറിയ താരം. അത് ഉറപ്പാണ്. ജസ്പ്രീത് ബുമ്ര, വിരാട് കൊഹ്ലി, രോഹിത് ശർമ്മ, കെ.എൽ. രാഹുൽ, ഹാർദിക് പാണ്ഡ്യ എന്നിവരെല്ലാം കളിക്കുന്ന ലീഗിനെക്കുറിച്ചാണ് ഞാൻ പറയുന്നത്. അവൻ കളിക്കുന്ന ദിവസം കളി മാറ്റിമറിക്കും. ആ കരുത്ത് മറ്റാർക്കുമില്ലെന്നും ആകാശ് ചോപ്ര പറഞ്ഞു. മറ്റുള്ളവരെല്ലാം നിങ്ങളെ വിജയത്തിലേക്ക് നയിക്കുമ്പോൾ, മത്സരം ഒറ്റയ്ക്ക് ഏകപക്ഷീയമാക്കാൻ അവന് കഴിവുണ്ട്. അതുകൊണ്ടുതന്നെ ഐ.പി.എല്ലിൽ ലേലത്തിനെത്തിയാൽ അവൻ ആ 40 കോടി രൂപയുടെ താരമായേക്കാം. അവൻ അത്രയും തുക ചോദിക്കുമെന്നല്ല, മറിച്ച് ഐ.പി.എല്ലിൽ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമായി മാറാൻ അവന് സാധിച്ചേക്കാം. കാരണം ചരിത്രം തിരുത്തുക, ചരിത്രം സൃഷ്ടിക്കുക എന്നീ വാക്കുകൾ അവന്റെ കരിയറിലുടനീളം ഒപ്പമുണ്ടാകുമെന്നും ആകാശ് ചോപ്ര കൂട്ടിച്ചേർത്തു.
നിലവിൽ രാജസ്ഥാൻ റോയൽസിന്റെ താരമാണ് വൈഭവ് സൂര്യവംശി. 1.10 കോടി രൂപയാണ് വൈഭവിന്റെ ഐ.പി.എൽ പ്രതിഫലം. ഋഷഭ് പന്താണ് നിലവിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഐ.പി.എൽ താരം. 27.5 കോടി രൂപയ്ക്കാണ് പന്ത് ലക്നൗവിൽ ചേർന്നത്.