ഇടുക്കി: ചിന്നക്കനാൽ മേഖലയിലെ ജനവാസ കേന്ദ്രങ്ങളിലിറങ്ങി ഭീതി പരത്തുന്ന കാട്ടാന ചക്കക്കൊമ്പനെ മയക്കുവെടി വച്ച് റേഡിയോ കോളർ ഘടിപ്പിക്കുന്നതിനുള്ള 'ഓപ്പറേഷൻ ചക്കക്കൊമ്പൻ' ദൗത്യം മൂന്നാം ദിവസത്തിലേക്ക്. ഇന്ന് രാവിലെ ഏഴ് മണിയോടെ വനംവകുപ്പിന്റെ പ്രത്യേക ദൗത്യസംഘം തെരച്ചിൽ പുനഃരാരംഭിച്ചു.
നിലവിൽ ഇടിക്കുഴി ഭാഗത്തുള്ള ഏലത്തോട്ടത്തിലാണ് ചക്കക്കൊമ്പൻ നിലയുറപ്പിച്ചിരിക്കുന്നത്. വെറ്ററിനറി സർജൻ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം ആനയുടെ തൊട്ടടുത്ത് എത്തിയിട്ടുണ്ട്. മയക്കുവെടി വയ്ക്കാൻ അനുയോജ്യമായ സാഹചര്യത്തിനായി കാത്തിരിക്കുകയാണ് ഉദ്യോഗസ്ഥർ. ആദ്യ രണ്ട് ദിവസങ്ങളിലും പ്രതികൂല സാഹചര്യങ്ങൾ കാരണം ദൗത്യം പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ല. അതിനാൽ ഇന്നത്തെ ദിവസം വനംവകുപ്പിന് നിർണായകമാണ്. ഇന്നും മയക്കുവെടി വയ്ക്കാൻ സാധിച്ചില്ലെങ്കിൽ ദൗത്യം താൽക്കാലികമായി നിർത്തിവയ്ക്കാനാണ് വനംവകുപ്പിന്റെ ആലോചന.
ഓപ്പറേഷൻ ചക്കക്കൊമ്പന്റെ ഭാഗമായി സുരക്ഷ മുൻനിർത്തി ചിന്നക്കനാൽ പഞ്ചായത്തിലെ ആറ് വാർഡുകളിൽ (ഒന്ന്, രണ്ട്, ഒമ്പത്, 10, 11, 12) തുടർച്ചയായ മൂന്നാം ദിവസവും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്നും അനാവശ്യമായി പുറത്തിറങ്ങരുതെന്നും അധികൃതർ നിർദ്ദേശം നൽകി.
ദൗത്യത്തിന്റെ ആദ്യ ദിവസം കനത്ത മഴയും കടുത്ത മൂടൽമഞ്ഞും തെരച്ചിലിന് വലിയ തടസമായിരുന്നു. രണ്ടാം ദിവസമായ ഇന്നലെ രാവിലെ ആനയിറങ്കൽ ജലാശയത്തിലെ തുരുത്തിൽ നിലയുറപ്പിച്ചിരുന്ന ആന പിന്നീട് ജനവാസ മേഖലയോട് ചേർന്നുള്ള ഏലക്കാട്ടിലേക്ക് മാറി. തുടർന്ന് വെളിച്ചക്കുറവ് അനുഭവപ്പെട്ടതോടെ ഇന്നലത്തെ ദൗത്യം അവസാനിപ്പിക്കുകയായിരുന്നു.