ചാഞ്ചാടി സ്വർണവില; ഒറ്റയടിക്ക് കുറഞ്ഞത് 400രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

തിരുവനന്തപുരം: ഇന്നലത്തെ വൻ കുതിപ്പിന് പിന്നാലെ സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഗ്രാമിന് 50 രൂപ കുറഞ്ഞ് 11,720 രൂപയിലെത്തി. പവന് ഇന്ന് 400 രൂപ കുറഞ്ഞ് 93,760 രൂപയിലെത്തി. ഇന്നലെ മാത്രം കേരളത്തിൽ രണ്ട് തവണയാണ് സ്വർണവില കൂടിയത്. രാവിലെയും ഉച്ചയ്‌ക്കുമായി ഗ്രാമിന് 330 രൂപയും പവന് 2640 രൂപയും ഉയർന്ന് ഗ്രാം വില 11,770 രൂപയിലും പവൻ വില 94,160 രൂപയിലും എത്തിയിരുന്നു.

കഴിഞ്ഞ ആഴ്‌ച സ്വർണവിലയിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയത്. അമേരിക്കൻ ഡോളർ ശക്തി പ്രാപിച്ചതും യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് ഉയർത്തുമെന്ന സൂചനകളും അന്താരാഷ്‌ട്ര വിപണിയിലെ വിലയിടിവുമാണ് ഇതിന് കാരണമായത്. നവംബർ ആദ്യവാരം പവന് 1,07,080 വരെ ഉയർന്ന സ്വർണവില കഴിഞ്ഞ ആഴ്‌ചയോടെ 91,360 എന്ന വിലയിലേക്ക് താഴ്‌ന്നിരുന്നു.

അതേസമയം, എഐ/ടെക് കമ്പനികളുടെ ഓഹരികൾ കുതിച്ചുയരുന്നതാണ് ഇപ്പോൾ സ്വർണത്തിന് ഗുണകരമാകുന്നത്. മാത്രമല്ല, കഴിഞ്ഞ ദിവസങ്ങളിൽ ഡോളറിനെതിരെ രൂപ നേരിട്ട നേരിയ തളർച്ചയും സ്വർണവിലയെ സ്വാധീനിച്ചിട്ടുണ്ട്. എന്നാൽ, ഇപ്പോഴത്തെ കുതിപ്പ് താൽക്കാലികം മാത്രമാണെന്നും വില ഇനിയും താഴേക്ക് പോകുമെന്നുമാണ് സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. ഡിസംബറിൽ യുഎസ് ഫെഡറൽ ബാങ്ക് പലിശ നിരക്ക് ഉയർത്തും. ഇതോടെ വീണ്ടും സ്വർണവില കുറയുമെന്നാണ് നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *