വാഷിങ്ടണ്‍: ഇറാനെതിരായ ആക്രമണങ്ങള്‍ റദ്ദാക്കുന്നുവെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം അമേരിക്കന്‍-ഇസ്രയേല്‍ ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയതായി റിപ്പോര്‍ട്ട്.ഇറാനുമായുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയായെന്നും യുദ്ധം അവസാനിപ്പിക്കാനുള്ള കരട് കരാറിന് ഇറാന് നേതൃത്വം അംഗീകാരം നല്‍കിയെന്നും അവകാശപ്പെട്ടാണ് ട്രംപ് ഇനി ഇറാനെതിരെ ആക്രമണം ഉണ്ടാകില്ലെന്ന് പ്രഖ്യാപിച്ചത്. എന്നാല്‍ ഈ ചര്‍ച്ചകളെക്കുറിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രിക്ക് മുന്‍കൂട്ടി അറിവുണ്ടായിരുന്നില്ലെന്ന് അമേരിക്കന്‍ മാധ്യമമായ ആക്സിയോസ് റിപ്പോര്‍ട്ട് ചെയ്തു. ട്രംപിനോട് അടുത്തുനില്ക്കുന്ന സഖ്യകക്ഷികളെ വിളിച്ചാണ് നെതന്യാഹു കാര്യങ്ങള്‍ അറിയുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്.ഇറാന് നേതൃത്വവുമായി നടന്ന ചര്‍ച്ചകള്‍ ഉന്നതതലത്തില്‍ അംഗീകരിക്കപ്പെട്ടതായും അമേരിക്കയ്ക്ക് പുറമെ ഇസ്രയേല്‍, സൗദി അറേബ്യ, യുഎഇ, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളും ഇതില്‍ പങ്കാളികളാണെന്നും ട്രംപ് അവകാശപ്പെട്ടു. എന്നാല്‍, ഇസ്രയേല്‍ ഈ കരാറില്‍ ഭാഗമല്ലെന്ന് നെതന്യാഹുവിന്റെ ഓഫീസ് പ്രസ്താവനയിറക്കി. അതേസമയം, ആണവ സാമഗ്രികള്‍ നീക്കം ചെയ്യാനും പ്രോക്സി ഭീകര ഗ്രൂപ്പുകള്‍ക്കുള്ള സഹായം അവസാനിപ്പിക്കാനും ട്രംപ് ഉറപ്പുനല്‍കിയതിനെ ഇസ്രയേല്‍ അഭിനന്ദിച്ചു.ട്രംപിന്റെ വിലക്ക് ലംഘിച്ച് ഇസ്രയേല്‍ ഇറാനെ ആക്രമിച്ചത് ട്രംപിനെ പ്രകോപിപ്പിച്ചുവെന്ന അഭ്യൂഹം നിലനില്‍ക്കെയാണ് ഇസ്രയേലിന്റെ പ്രതികരണം. ഒരു ഫോണ്‍ സംഭാഷണത്തിനിടെ നെതന്യാഹുവിനെ ട്രംപ് അസഭ്യം പറയുകയും, തന്റെ സഹായമില്ലായിരുന്നെങ്കില്‍ നെതന്യാഹു ഇപ്പോള്‍ ജയിലില്‍ ആകുമായിരുന്നു എന്ന് ആക്ഷേപിക്കുകയും ചെയ്തതായി മുന്‍പ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.