സുഗതൻ്റെ അറസ്റ്റ്: കുടുംബത്തിൻ്റെ ആരോപണം തള്ളി പൊലീസ്

കാപ്പാ കേസ് പ്രതിയും തിരുവനന്തപുരം കോര്‍പ്പറേഷന്‍ ബിജെപി കൗണ്‍സിലറുമായ ആര്‍ സുഗതന്റെ അറസ്റ്റില്‍, കുടുംബത്തിന്റെ ആരോപണം തള്ളി പൊലീസ്. സുഗതന്റെ വീട് പൂര്‍ണമായും സിസിടിവി നിരീക്ഷണത്തിലാണെന്നും ദൃശ്യങ്ങള്‍ പുറത്തുവിടട്ടെയെന്നും പൊലീസ് പറയുന്നു. സുഗതന്റെ ഭാര്യയുടെ മാല പൊട്ടിച്ചെന്നും മകന് നേരെ തോക്ക് ചൂണ്ടിയെന്നുമാണ് കുടുംബത്തിന്റെ ആരോപണം. അതേസമയം വധശ്രമ കേസിലെ രണ്ടാം പ്രതിയായ സുഗതന്റെ സഹോദരന്‍ സന്ദീപിനെ അറസ്റ്റ് ചെയ്യാനും നീക്കമുണ്ട്.കാപ്പാ ചുമത്തി ജില്ലാ കളക്ടര്‍ കരുതല്‍ തടങ്കലിലിടാന്‍ നിര്‍ദേശിച്ച ആളാണ് വാഴോട്ടുകോണം കൗണ്‍സിലര്‍ ആര്‍ സുഗതന്‍. ഒളിവില്‍ കഴിഞ്ഞിരുന്ന സുഗതനെ പിടികൂടാന്‍ ഇന്നലെ രാത്രി പൊലീസ് വീട്ടിലെത്തിയപ്പോഴാണ് നാടകീയ രംഗങ്ങള്‍. ബിജെപി പ്രവര്‍ത്തകര്‍ പൊലീസിനെ വളഞ്ഞതോടെ SHO ആകാശത്തേയ്ക്ക് നിറയൊഴിക്കുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും സുഗതനെതിരെ വീണ്ടും കേസെടുത്തു.സുഗതനെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയിരുന്നു. കാപ്പാകേസ് പ്രതിയായതിനാലാണ് വിചാരണയില്ലാതെ ജയിലിലേക്ക് മാറ്റിയത്. ഇതാദ്യമായാണ് കാപ്പാ കേസില്‍ ഒരു കൗണ്‍സിലര്‍ ജയിലില്‍ പോകുന്നത്. സംഘര്‍ഷാവസ്ഥ നിലനിന്നതുകൊണ്ടാണ് ആകാശത്തേക്ക് വെടിവയ്‌ക്കേണ്ടിവന്നത് എന്നാണ് പൊലീസ് വിശദീകരണം.

 

Leave a Reply

Your email address will not be published. Required fields are marked *