സിഎംആര്‍എല്‍ മാസപ്പടി കേസ്: ഇഡിക്ക് മുന്നില്‍ ഹാജരാകാന്‍ സാവകാശം തേടി വീണ ടി

സിഎംആര്‍എല്‍- എക്‌സാലോജിക് മാസപ്പടി കേസില്‍, ഇഡിക്ക് മുന്നില്‍ ഹാജരാകാന്‍ സാവകാശം തേടി പിണറായി വിജയന്റെ മകള്‍ വീണ ടി. നാളെ ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യം. നടപടി, അനാരോഗ്യം ചൂണ്ടിക്കാട്ടി. വീണയുടെ അപേക്ഷയില്‍ ഇഡി ഇന്ന് തീരുമാനം അറിയിക്കും.വെള്ളിയാഴ്ച 10.30ന് കൊച്ചിയിലെ ഇഡി ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് വിണ ടി ഉള്‍പ്പെടെ 9 പേര്‍ക്ക് ഇ ഡി സമന്‍സ് അയച്ചിരിക്കുന്നത്. സി എം ആര്‍ എല്ലില്‍ നിന്ന് വീണയ്ക്ക് ലഭിച്ച പണം ഉപയോഗിച്ച് സ്വത്തുക്കള്‍ സമ്പാദിച്ചിട്ടുണ്ടെങ്കില്‍ അത് കണ്ടു കെട്ടാനാണ് ഇ ഡി നീക്കം. ശശിധരന്‍ കര്‍ത്തയുടെ മറ്റൊരു കമ്പനിയില്‍ നിന്ന് ലക്ഷങ്ങള്‍ വായ്പ ലഭിച്ച സാഹചര്യവും അതിന്റെ തിരിച്ചടവും വീണയ്ക്ക് വിശദീകരിക്കേണ്ടി വരും.ഇല്ലാത്ത സേവനത്തിന് എക്സാലോജിക്ക് കൈപ്പറ്റിയത് മറ്റു കരാര്‍ സ്ഥാപനത്തെ അപേക്ഷിച്ച് വന്‍ തുകയാണെന്ന എസ്എഫ്‌ഐ ഒ കണ്ടെത്തലും കുരുക്കാണ്. എക്‌സാലോജിക്കുമായുള്ള കരാറിനു ശേഷം അറ്റ്‌നാ ടെക്‌നോളജി എന്ന സ്ഥാപനവുമായി സിഎംആര്‍ എല്‍ ഉണ്ടാക്കിയ കരാറാണ് ഇതില്‍ നിര്‍ണായകം. സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ മുന്‍പ് നല്‍കിയ മൊഴികള്‍ അടിസ്ഥാനമാക്കിയും രേഖകള്‍ വെച്ചുമാണ് ചോദ്യം ചെയ്യല്‍ നടക്കുക.

 

Leave a Reply

Your email address will not be published. Required fields are marked *