കുടിച്ച വെള്ളത്തില്‍ വിശ്വസിക്കരുത്…! ഷിഗെല്ലയ്ക്കു കാരണം മോശം കുടിവെള്ളം

ആലപ്പുഴ: ‘കുടിച്ച വെള്ളത്തില്‍ വിശ്വസിക്കരുത്’- മലയാളത്തിലെ ഈ ചൊല്ലുപോലെയാണ് ഇപ്പോള്‍ ആലപ്പുഴ ജില്ലയിലുള്ള ആളുകളുടെ അവസ്ഥ. ജല അതോറിറ്റി നല്‍കുന്ന വെള്ളംപോലും വിശ്വസിച്ച് കുടിക്കാനാകാത്ത സ്ഥിതി. പൊട്ടിയ പൈപ്പിലൂടെ മാലിന്യം കലര്‍ന്ന, കോളിഫോം ബാക്ടീരിയയുള്ള വെള്ളംവരെ കുടിക്കേണ്ട ഗതികേടിലാണ് പലരും.
കുട്ടികള്‍ക്ക് വയറിളക്കവും ഷിഗെല്ലയും വ്യാപകമായ ആറാട്ടുപുഴയില്‍ പരിശോധിച്ച ജല അതോറിറ്റിയുടെ 17 കുടിവെള്ള സാംപിളുകളില്‍ എട്ടിലും കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. കുഴല്‍ക്കിണറുകളില്‍നിന്നു ശേഖരിച്ച സാംപിളുകളിലും കോളിഫോം സാന്നിധ്യമുണ്ടായിരുന്നു. ഇതോടെ കുടിവെള്ളം തന്നെയാണ് ജില്ലയില്‍ പടര്‍ന്നുപിടിച്ച വയറിളക്കത്തിനും ഷിഗെല്ലയ്ക്കും പ്രധാന കാരണമെന്നാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തല്‍.
കഴിഞ്ഞദിവസം ആലപ്പുഴ പഴവീട് ആര്‍.ഒ.പ്ലാന്റില്‍നിന്ന് ശേഖരിച്ച കുടിവെള്ള സാംപിളിലും കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇവിടെയും വയറിളക്കരോഗങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നുണ്ട്. തെക്കന്‍മേഖലയിലുള്ള ആറാട്ടുപുഴയില്‍ ആറുപേര്‍ക്കും വടക്കന്‍ മേഖലയിലുള്ള കോടംതുരുത്തില്‍ ഒരാള്‍ക്കും ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു. ഇതോടെ ജില്ലയിലൊട്ടാകെയുള്ള കുടിവെള്ള സാംപിളുകള്‍ ആരോഗ്യവകുപ്പ് പരിശോധനയ്ക്കു വിധേയമാക്കിയേക്കുമെന്നാണ് വിവരം.
രോഗവ്യാപനം തടയാന്‍ കുടിവെള്ളം ക്ലോറിനേറ്റുചെയ്യാന്‍ ആരോഗ്യവകുപ്പ് അധികൃതര്‍ ജല അതോറിറ്റിക്ക് നിര്‍ദേശം നല്‍കിയിരുന്നു. അതനുസരിച്ച് പലയിടത്തും ക്ലോറിനേഷന്‍ നടപടികള്‍ തുടങ്ങി. എന്നാല്‍, പൈപ്പുപൊട്ടിയ ഇടങ്ങള്‍ കൃത്യമായി കണ്ടെത്തി പരിഹരിക്കാന്‍ ജല അതോറിറ്റിക്ക് കഴിയാത്തത് ഗുരുതര വീഴ്ചയായി തുടരുകയാണ്.
ആലപ്പുഴ കൊമ്മാടി ജങ്ഷനു പടിഞ്ഞാറുള്ള വീടുകളില്‍ ആഴ്ചകളായി കലക്കവെള്ളമാണ് ജല അതോറിറ്റിയുടെ പൈപ്പിലൂടെ ലഭിക്കുന്നത്. പരാതിപറഞ്ഞിട്ടും പരിഹാരമുണ്ടായില്ല. പൈപ്പിലെ ചോര്‍ച്ച എവിടെയെന്നു കണ്ടെത്താന്‍ കഴിയാത്തതായിരുന്നു കാരണം. ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ട് പലയിടത്തും പൈപ്പു പൊട്ടുന്നുണ്ട്. വലിയ പൊട്ടല്‍ മാത്രമാണ് കണ്ടെത്താനാകുന്നത്. അല്ലാത്തവ കണ്ടുപിടിക്കാന്‍ കഴിയാത്തതാണ് മാലിന്യം കുടിവെള്ളത്തില്‍ കലരാന്‍ കാരണമാകുന്നത്.
മലത്തിലൂടെ രക്തം; നൂറിലേറെപ്പേര്‍ക്ക് ‘ഷിഗെല്ല’ ചികിത്സ
ആറാട്ടുപുഴയില്‍ കുട്ടികളുള്‍പ്പെടെ ആറുപേര്‍ക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. മലത്തിലൂടെ രക്തം പോയതായി കണ്ടെത്തിയതോടെയാണ് ഇവരുടെ സാംപിള്‍ പരിശോധിച്ചത്. ഫലം പോസിറ്റീവായതോടെ മലത്തിലൂടെ രക്തംപോയ 100-ലേറെപ്പേരെ കണ്ടെത്തി. ഷിഗെല്ലയാണെന്ന് ഉറപ്പിച്ചാണ് ഇവര്‍ക്ക് ഇപ്പോള്‍ ചികിത്സ നല്‍കുന്നത്. ഷിഗെല്ല ബാക്ടീരിയമൂലമുണ്ടാകുന്ന അണുബാധയുടെ പ്രധാന ലക്ഷണമാണ് മലത്തിലൂടെ രക്തം പോകുന്നത്. അതിനാല്‍, ആരും അത് നിസ്സാരമായി കാണരുതെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ നല്‍കുന്ന മുന്നറിയിപ്പ്.
11 ദിവസത്തിനിടെ 1,786 വയറിളക്കരോഗികള്‍
ജൂണ്‍ ഒന്നുമുതല്‍ 12 വരെയുള്ള കണക്കുപ്രകാരം ജില്ലയില്‍ വയറിളക്കത്തിന് ചികിത്സ തേടിയത് 1,786 പേരാണ്. ഇതില്‍ ഷിഗെല്ല രോഗലക്ഷണമുള്ളവരുമുണ്ട്. കഴിഞ്ഞമാസം വരെ 50 പേര്‍ മാത്രമാണ് ശരാശരിദിവസം വയറിളക്കത്തിന് ചികിത്സ തേടിയിരുന്നത്. എന്നാല്‍, മഴ തുടങ്ങിയതോടെ അത് 150-200 വരെയായി ഉയര്‍ന്നു. മോശം കുടിവെള്ളത്തിലൂടെ പകരുന്ന മഞ്ഞപ്പിത്തവും (ഹെപ്പറ്റൈറ്റിസ്-എ) ജില്ലയില്‍ റിപ്പോര്‍ട്ടുചെയ്തു. ഈ മാസം ആറിനാണ് രണ്ടുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *