കൊച്ചി: അടിത്തറ ഉയർത്താൻ ശ്രമിക്കുന്നതിനിടെ ജാക്കി തെന്നിമാറി ഇരുനില കെട്ടിടം സമീപത്തെ ബഹുനില കെട്ടിടത്തിലേക്ക് ചരിഞ്ഞു. എറണാകുളം എം.ജി റോഡിൽ വുഡ് ലാൻഡ്സ് ജംഗ്ഷന് സമീപത്തുള്ള സ്വകാര്യവ്യക്തിയുടെ കെട്ടിടമാണ് ഇന്നലെ വൈകിട്ട് ആറ് മണിയോടെ അപകടത്തിൽപ്പെട്ടത്. കെട്ടിടത്തിന്റെ അടിത്തറ ഒരടിയോളം ഉയർത്തിയപ്പോൾ ജാക്കിതെന്നി അടുത്തുള്ള എൻസൈൻ ബിൽഡിംഗിലേക്ക് ചരിയുകയായിരുന്നു. കേരള ഗ്രാമീൺബാങ്ക് ഉൾപ്പെടെ നിരവധി സ്വകാര്യ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന ബിൽഡിംഗിൽ കെട്ടിടംഉടമ എസ്. ദിവ്യയും മാതാവ് കുമാരിയും താമസിക്കുന്നുമുണ്ട്. ചരിഞ്ഞ കെട്ടിടത്തിന്റെ താഴത്തെനില ഭാഗികമായി തകർന്നു. ഇഖ്ബാൽ എന്നയാളിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. കുറേനാളുകളായി ഇവിടെ ആൾതാമസം ഉണ്ടായിരുന്നില്ല. മഴക്കാലത്ത് താഴത്തെ നിലയിൽ വെള്ളംകയറുന്നത് ഒഴിവാക്കാനാണ് അടിത്തറ ഉയർത്താൻ ശ്രമിച്ചതെന്ന് ഉടമയുടെ ബന്ധു പറഞ്ഞു. നാലടി ഉയർത്താനായിരുന്നു ലക്ഷ്യം. എന്നാൽ ഇതിന് നഗരസഭയുടെയോ അഗ്നിശമനസേനയുടെയോ മുൻകൂർ അനുമതി വാങ്ങിയിരുന്നില്ലെന്നാണ് വിവരം. ചെന്നൈ ആസ്ഥാനമായുള്ള സ്വകാര്യ കമ്പനിയാണ് കരാറുകാർ. ചരിഞ്ഞകെട്ടിടം സുരക്ഷിതമായി പൊളിച്ചുമാറ്റുന്നതുവരെ എൻസൈൻ ബിൽഡിംഗിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് അഗ്നിശമനസേന മുന്നറിയിപ്പ് നൽകി.
ഇരുനില കെട്ടിടം ഉയർത്തവേ അടുത്ത കെട്ടിടത്തിലേക്ക് ചരിഞ്ഞു