ന്യൂഡല്‍ഹി: ഇന്‍ഡ്യാസഖ്യ എംപിമാരെ കാണാന്‍ അനുമതി നല്കി രാഷ്ട്രപതി. രാത്രി എട്ട് മണിക്ക് കൂടിക്കാഴ്ച നടക്കും. പത്ത് എംപിമാര്‍ അടങ്ങുന്ന സംഘത്തിനാണ് രാഷ്ട്രപതി അനുമതി നല്‍കിയിരിക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് കുനാല്‍ ഘോഷ് ഇക്കാര്യം എക്സിലൂടെ അറിയിച്ചു.
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സംഘമായിരിക്കും രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തുക. മുൻ മുഖ്യമന്ത്രി മമതാ ബാനർജി സംഘത്തിലുണ്ടാവുമെന്നാണ് സൂചന. ദിവസം മുഴുവൻ നീട്ടിക്കൊണ്ടുപോയി ഒടുവിൽ രാത്രി 8 മണിക്ക് സമയം നൽകിയത് പ്രതിഷേധത്തിന് ലഭിക്കുന്ന ജനശ്രദ്ധ കുറയ്ക്കാനാണോയെന്ന് കുനാൽ ഘോഷ് ചോദിച്ചു.
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ആദ്യദിനം തെരഞ്ഞെടുപ്പ് കമ്മീഷനിലേക്കും ഒക്ടോബര്‍ 7ന് ജന്തര്‍ മന്തറിലേയ്ക്കും മാര്‍ച്ച് നടത്തിയിരുന്നു. പിന്നാലെയാണ് രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്താന്‍ പദ്ധതിയിട്ടത്. മൂന്നാം ദിവസമായ ഇന്നലെ പ്രതിഷേധ മാര്‍ച്ച് ഒഴിവാക്കിയെങ്കിലും ഗാന്ധി സമാധിയായ രാജ്ഘട്ടിലെത്തി ഒന്നിച്ചു പ്രാര്‍ത്ഥിക്കുകയും സമാധാന ധര്‍ണയിരിക്കുകയും ചെയ്തിരുന്നു.ജന്തർ മന്തറിലെ നിരോധനാജ്ഞ തുടരുമെന്ന് പോലീസ് അറിയിച്ചു. ഡൽഹിയിലെ മെട്രോ സ്റ്റേഷനുകൾ ഇന്ന് രാത്രിയോടെ അടയ്ക്കും. ഡൽഹിയിലേക്കുള്ള ട്രെയിനുകളും റദ്ദാക്കി.