പത്തനംതിട്ട∙ തുലാപ്പള്ളി – ആലപ്പാട് ജംങ്ഷനിൽ ഫയർഫോഴ്സ് വാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. തിരുവല്ല അഗ്നിരക്ഷാ നിലയത്തിലെ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ രഞ്ജിത്ത് കുമാറാണ് (39) മരിച്ചത്. കൊല്ലം ആയൂർ സ്വദേശിയാണ്.ശബരിമലയിലേക്കുള്ള സ്പെഷൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വാഹനമാണ് അപകടത്തിൽ പെട്ടത്. അഗ്നിരക്ഷാ വാഹനം നിയന്ത്രണം വിട്ട് നിർത്തിയിട്ടിരുന്ന വാഹനങ്ങളിലേക്കു ഇടിച്ചു കയറുകയായിരുന്നു. മൂന്ന് വാഹനങ്ങളിൽ ഇടിച്ച ശേഷമാണ് അഗ്നിരക്ഷാസേനയുടെ വാഹനം മറിഞ്ഞത്. അപകടത്തിൽ തമിഴ്നാട്ടിൽനിന്ന് ശബരിമലയിലേക്ക് വന്ന തീർഥാടകരുടെ വാഹനം പൂർണമായും തകർന്നു. വനം വകുപ്പിന്റെ വാഹനത്തിലും മറ്റൊരു ജീപ്പിലും ഫയർഫോഴ്സ് വാഹനം ഇടിച്ചു. നിർത്തിയിട്ടിരുന്ന ഈ വാഹനങ്ങളിൽ ആരുമില്ലാത്തതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്.