തൃശ്ശൂർ : തൃശ്ശൂരില്‍ നടന്ന സംസ്ഥാന സ്കൂള്‍ ഗെയിംസ് സംഘാടനത്തില്‍ ഗുരുതര വീഴ്ചയെന്ന് കണ്ടെത്തല്‍. തൃശ്ശൂര്‍ എംഎല്‍എ ചെയര്‍മാനായ സംഘാടകസമിതിയുടെ പ്രവര്‍ത്തനം പേപ്പറില്‍ മാത്രം ഒതുങ്ങുകയായിരുന്നു.സംഘാടക സമിതി ചെയര്‍മാനായ എംഎല്‍എ രാജന് ജെ പല്ലനും സമിതി അംഗമായ മേയര്‍ക്കും ലഭിച്ചത് ഗെയിംസിന്റെ ക്ഷണക്കത്ത് മാത്രമാണ്.
തൃശ്ശൂര്‍ എംപി സുരേഷ് ഗോപി യുടെ ഓഫീസും അതൃപ്തി അറിയിച്ചിരുന്നെന്നാണ് റിപ്പോര്‍ട്ട്. അധ്യാപക സംഘടനാ പ്രതിനിധികളെ വിളിച്ചുവരുത്തി കമ്മിറ്റികള്‍ രൂപീകരിക്കുക മാത്രമാണ് ചെയ്തത്. ഡിഇഒ അടക്കം ഈ വിഷയം ഗൗരവമായി കണ്ടില്ലെന്നതും വലിയ വീഴ്ചയാണ്.പൊതുവിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ ഔദ്യോഗിക തിരക്കിലായിരുന്നെന്നാണ് ന്യായീകരണം.അടിസ്ഥാന സൗകര്യത്തിലെ പോരായ്മകള്‍ ആദ്യദിനം മുതല്‍ തന്നെ പുറത്തുവന്നിരുന്നതാണ്. വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷിതാക്കളുമടക്കം വലിയ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു.
സ്കൂൾ ഗെയിംസ് നീന്തൽമത്സരത്തിനിടെയുണ്ടായ അപകടത്തിലും മത്സര നടത്തിപ്പിലെ അപാകങ്ങളിലും പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ. പ്രവർത്തകർ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ് ഉപരോധിച്ചു. അയ്യന്തോൾ സിവിൽസ്റ്റേഷനകത്തുള്ള ഓഫീസിനു മുൻപിൽ ശനിയാഴ്ച ഉപരോധം ആരംഭിച്ചപ്പോൾ ഡെപ്യൂട്ടി ഡയറക്ടർ സ്ഥലത്തില്ലായിരുന്നു.