നമ്മുടെ അടുക്കളയിലെ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമാണ് കടല. ‘സൂപ്പർഫൂഡ്’ എന്ന വാക്ക് ഒരു ട്രെൻഡ് ആകുന്നതിനും എത്രയോ മുൻപ് തന്നെ നമ്മുടെ മുത്തശ്ശിമാർ ഇതിന്റെ ഗുണങ്ങൾ തിരിച്ചറിഞ്ഞിരുന്നു. രാത്രി മുഴുവൻ കുതിർത്തുവച്ച കറുത്ത കടലയും, കറികളിൽ രുചി പകരുന്ന കടലയും, വൈകുന്നേരങ്ങളിൽ കൊറിക്കാൻ പാകത്തിൽ വറുത്തെടുത്ത കടലയുമൊക്കെ നമ്മുടെ ഭക്ഷണസംസ്കാരത്തിന്റെ ഭാഗമാണ്. വിലക്കുറവും അവിശ്വസനീയമായ പോഷകസമൃദ്ധിയും ഒത്തുചേരുന്ന കടല, യഥാർഥത്തിൽ നമുക്ക് ലഭിക്കാവുന്ന ഏറ്റവും മികച്ച പോഷകാഹാരങ്ങളിൽ ഒന്നാണ്. എന്നാൽ, ഈ കടല ആഴ്ചയിൽ ഒന്നോ രണ്ടോ തവണ കഴിക്കുന്നതിന് പകരം, തുടർച്ചയായി ഒരു മാസത്തേക്ക് എല്ലാ ദിവസവും കഴിച്ചാൽ നമ്മുടെ ശരീരത്തിന് എന്ത് സംഭവിക്കും?
ആദ്യം വയറിന് ചെറിയൊരു പരിഭവം, പിന്നാലെ ഉണർവ്
കടല ദിവസവും കഴിക്കാൻ തുടങ്ങുന്ന ആദ്യ ആഴ്ചയിൽ നിങ്ങളുടെ ദഹനവ്യവസ്ഥയിലായിരിക്കും പ്രകടമായ മാറ്റങ്ങൾ കണ്ടുതുടങ്ങുക. നാരുകൾ ധാരാളമായി അടങ്ങിയ ഭക്ഷണം കഴിച്ച് ശീലമില്ലാത്തവർക്ക് ആദ്യ ദിവസങ്ങളിൽ ചെറിയ തോതിൽ വയറുവീർക്കലോ ഗ്യാസോ അനുഭവപ്പെട്ടേക്കാം. ഇത് കുടലിലെ നല്ല ബാക്ടീരിയകൾ സജീവമായി പ്രവർത്തിക്കാൻ തുടങ്ങുന്നതിന്റെ ലക്ഷണമാണ്. ദിവസങ്ങൾ കടന്നുപോകുന്നതോടെ ദഹനവ്യവസ്ഥ ഈ മാറ്റത്തോട് പൊരുത്തപ്പെടും. കടലയിലെ നാരുകൾ മലവിസർജനം സുഗമമാക്കുകയും മലബന്ധം പോലുള്ള പ്രശ്നങ്ങളെ അകറ്റിനിർത്തുകയും ചെയ്യും. കൂടാതെ, കടലയിലെ ചില നാരുകൾ പ്രീബയോട്ടിക് ആയി പ്രവർത്തിച്ച് കുടലിലെ നല്ല ബാക്ടീരിയകളെ വളർത്തുന്നു. ഇത് ദഹനാരോഗ്യം മെച്ചപ്പെടുത്താൻ ഏറെ സഹായിക്കും.
അനാവശ്യമായ വിശപ്പും കൊതിയും പമ്പകടക്കും
ചില ഭക്ഷണങ്ങൾ കഴിച്ച് കഴിഞ്ഞ് ഒരു മണിക്കൂറിനുള്ളിൽ വീണ്ടും വിശപ്പും ജങ്ക് ഫൂഡ് കഴിക്കാനുള്ള കൊതിയും ഉണ്ടാകാറുണ്ട്. എന്നാൽ കടല കഴിക്കുമ്പോൾ അങ്ങനെയല്ല. വേഗത്തിൽ ദഹിക്കുന്ന ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകളിൽ നിന്ന് വ്യത്യസ്തമായി, കടല സങ്കീർണമായ കാർബോഹൈഡ്രേറ്റുകളെ നാരുകളുമായും സസ്യ പ്രോട്ടീനുമായും സംയോജിപ്പിക്കുന്നു. ഈ അപൂർവ കൂട്ടുകെട്ട് കൂടുതൽ നേരം വിശപ്പില്ലാതെ തുടരാൻ ശരീരത്തെ സഹായിക്കുന്നു. രണ്ടാമത്തെയോ മൂന്നാമത്തെയോ ആഴ്ച പിന്നിടുമ്പോൾ, പ്രധാന ഭക്ഷണങ്ങൾക്ക് ഇടവേളകളിൽ ബിസ്കറ്റുകളോ ചിപ്സോ തേടിപ്പോകുന്ന നിങ്ങളുടെ ശീലം കുറഞ്ഞതായി കാണാം. ആരോഗ്യകരമായ ശരീരഭാരം നിലനിർത്താൻ ആഗ്രഹിക്കുന്നവർക്ക് ഈ ശീലം വലിയൊരു അനുഗ്രഹമാണ്.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണവിധേയമാകും
മൈദയോ പഞ്ചസാരയോ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുകയും പിന്നീട് കുത്തനെ താഴുകയും ചെയ്യും. ഇത് പെട്ടെന്ന് ക്ഷീണവും വീണ്ടും വിശപ്പും ഉണ്ടാക്കുന്നു. എന്നാൽ കടലയുടെ പ്രവർത്തനം വ്യത്യസ്തമാണ്. കടലയുടെ കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്സ് കാരണം കാർബോഹൈഡ്രേറ്റുകൾ സാവധാനത്തിലാണ് രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നു. ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പെട്ടെന്ന് കൂടാതെ ക്രമമായി നിലനിർത്താൻ സഹായിക്കും. പ്രമേഹമുള്ളവർക്കോ അല്ലെങ്കിൽ അത് വരാതെ സൂക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്കോ ഒരു മാസത്തെ ഈ ശീലം മികച്ച ഫലം നൽകും.
കൊളസ്ട്രോളിന്റെ അളവ് കുറയുന്നത് കണ്ണിന് കാണാൻ കഴിയില്ലെങ്കിലും, ഹൃദയം ആ മാറ്റം തിരിച്ചറിയും. കടലയിൽ അടങ്ങിയിരിക്കുന്ന ലയിക്കുന്ന നാരുകൾ ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ ദഹനനാളത്തിൽ വച്ച് തന്നെ ബന്ധിപ്പിക്കുകയും അത് ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടാതെ പുറന്തള്ളാൻ സഹായിക്കുകയും ചെയ്യുന്നു. കൂടാതെ, കടലയിൽ കൊഴുപ്പ് കുറവാണ്. രക്തസമ്മർദം നിയന്ത്രിക്കാനും ഹൃദയപേശികളുടെ ശരിയായ പ്രവർത്തനത്തിനും ആവശ്യമായ പൊട്ടാസ്യം, മഗ്നീഷ്യം എന്നീ രണ്ട് പ്രധാന ധാതുക്കൾ ഇതിൽ സമൃദ്ധമായി അടങ്ങിയിട്ടുണ്ട്. കടലയെ സമീകൃതാഹാരത്തിന്റെ ഒരു പതിവ് ഭാഗമാക്കുന്നത് ദീർഘകാല ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കുന്ന ഒരു മികച്ച ശീലമാണ്.