മഴ ദുരന്തത്തിലേക്ക്.. പലേടത്തും ആളപായം, ഒഴുക്കിൽപ്പെട്ട് നാല് വയസുകാരൻ മരിച്ചു

മലപ്പുറം: സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു. കൊണ്ടോട്ടി നീറാട് തോട്ടിലെ ഒഴുക്കിൽപ്പെട്ട് നാല് വയസുകാരൻ മരിച്ചു. നെടിയിരുപ്പ് മേലേപ്പറമ്പ് കണ്ണപ്പ തൊടി ഹമീദ് – നദീറ ദമ്പതികളുടെ മകൻ ആദം അയ്‌മൻ ആണ് മരിച്ചത്. അമിതമായ ഒഴുക്കുള്ള തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീഴുകയായിരുന്നു. അധികം വൈകാതെ കുട്ടിയെ വെള്ളത്തിൽ നിന്ന് പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

 

കുട്ടിയുടെ മൃതദേഹം കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. അതേസമയം, കോട്ടയം പുതുപ്പള്ളിയിൽ വെള്ളക്കെട്ടിൽ വീണ് 11 വയസുകാരൻ മരിച്ചു. ഉടൻതന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

 

ഇന്ന് രാവിലെ മഴക്കെടുതിയിൽ നാലുപേർ മരണപ്പെട്ടിരുന്നു. പൂഞ്ഞാർ തെക്കേക്കര പയ്യാനിത്തോട്ടത്തിൽ ഉരുൾപൊട്ടലിൽ വീട് ഇടിഞ്ഞുവീണ് 24കാരനായ ജോസഫിൻ ജോണിയും അമ്മ റജീനയും മരിച്ചു. ഇടുക്കി അടൂർമലയിലെ ഉരുൾപൊട്ടലിൽ കുടയത്തൂർ സ്വദേശി സുമതി ആണ് മരിച്ചത്. രണ്ടുപേരെ രക്ഷപ്പെടുത്തി. ഇടുക്കി കോലാഹലമേട്ടിൽ ലീലാമണി എന്നയാളുടെ വീടിനു മുകളിൽ മണ്ണ് വീണ് ബന്ധുവായ വൈക്കം സ്വദേശി പ്രഭാകരൻ നായർ മരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *